ഋഷഭ് പന്തിനായി ക്ഷേത്ര ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പിന്തിനായി ക്ഷേത്രദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍.

author-image
Shyma Mohan
New Update
ഋഷഭ് പന്തിനായി ക്ഷേത്ര ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനായി ക്ഷേത്രദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് സഹതാരം പന്ത് വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര ക്ഷേത്രം സന്ദര്‍ശിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്റ്റാഫിനൊപ്പം താരങ്ങള്‍ രാവിലെ തന്നെ ക്ഷേത്രത്തിലെത്തി. പന്തിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന് വളരെ പ്രധാനമായതിനാല്‍ അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ തങ്ങള്‍ പ്രാര്‍ത്ഥിച്ചതായി സൂര്യകുമാര്‍ യാദവ് എഎന്‍ഐയോട് പറഞ്ഞു. ഋഷഭ് പന്ത് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തിനായി കാത്തിരിക്കുകയാണ്, ഞങ്ങള്‍ ഇതിനകം തന്നെ പരമ്പര നേടിക്കഴിഞ്ഞതായും സൂര്യകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 30ന് പുലര്‍ച്ചെ ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വെച്ചാണ് പന്തിന് വാഹനം ഡിവൈഡറില്‍ ഇടിച്ച് സാരമായി പരിക്കേറ്റത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നെറ്റിയിലും, വലത് കാല്‍മുട്ടിലും എന്നിവ ഉള്‍പ്പെടെ വിവിധ ശരീര ഭാഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം, ശസ്ത്രക്രിയയ്ക്ക് ശേഷം, തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് പന്ത് അടുത്തിടെ ട്വീറ്റ് പുറത്തുവിട്ടിരുന്നു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ തന്റെ ശസ്ത്രക്രിയ വിജയകരമാണെന്നും പറഞ്ഞു.

Suryakumar Yadav Rishabh Pant