മകന് ഏറ്റവുമധികം ആവശ്യമുള്ള സമയം; വികാരനിര്‍ഭര കുറിപ്പുമായി സാനിയ

ആറാം വയസ്സില്‍ തുടങ്ങിയ പോരാട്ടം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ തന്റെ കണ്ണുകള്‍ നിറയുന്നു.

author-image
Shyma Mohan
New Update
മകന് ഏറ്റവുമധികം ആവശ്യമുള്ള സമയം; വികാരനിര്‍ഭര കുറിപ്പുമായി സാനിയ

ഹൈദരാബാദ്: വികാര നിര്‍ഭരമായ വിരമിക്കല്‍ കുറിപ്പുമായി ഇന്ത്യയുടെ സൂപ്പര്‍ ടെന്നീസ് താരം സാനിയ മിര്‍സ. 2022 അവസാനത്തോടെ വിരമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വിരമിക്കല്‍ പദ്ധതിയില്‍ മാറ്റം വരുത്തി ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ഓപ്പണോടെ ടെന്നീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍.

ആറാം വയസ്സില്‍ തുടങ്ങിയ പോരാട്ടം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ തന്റെ കണ്ണുകള്‍ നിറയുകയാണെന്നും 20 വര്‍ഷങ്ങളാണ് പിന്നിട്ടതെന്നും സാനിയ കുറിപ്പില്‍ പറയുന്നു. കരിയറില്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന കുടുംബത്തോടും ടീമിനോടും കോച്ചുമാരോടും ഒരുപാട് നന്ദിയുണ്ടെന്നും മകന് ഏറ്റവും തന്നെ ആവശ്യമുള്ള സമയമാണിതെന്നും സാനിയ കുറിച്ചു.

മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലെ നസര്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന ആറ് വയസ്സുള്ള പെണ്‍കുട്ടി അവളുടെ മാതാവിനൊപ്പം നിസാം ക്ലബ്ബിലെ ടെന്നീസ് കോര്‍ട്ടിലേക്ക് കടന്നുചെന്നു. ടെന്നീസ് കളിപ്പിക്കാന്‍ തന്നേയും പഠിപ്പിക്കണമെന്ന് പരിശീലകനോട് വഴക്കിട്ടു. അവള്‍ നന്നെ ചെറുപ്പമാണെന്നായിരുന്നു പരിശീലകന്റെ മറുപടി. സ്വപ്നങ്ങളിലേക്കുള്ള പോരാട്ടം അങ്ങനെ ആറാം വയസ്സില്‍ തുടങ്ങുകയായിരുന്നു.

2005-ലെ ഓസ്ട്രേലിയന്‍ ഓപ്പണോടെയാണ് എന്റെ ഗ്രാന്‍സ്ലാം യാത്ര തുടങ്ങിയത്. അതുകൊണ്ട് എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഗ്രാന്‍സ്ലാം

ഇതായിരിക്കുമെന്ന് പറയാതെവയ്യ. ഞാന്‍ ആദ്യമായി ഗ്രാന്‍സ്ലാം കളിച്ചത് 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അവസാന ഗ്രാന്‍സ്ലാം കളിക്കാന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. അതിനുശേഷം ഫെബ്രുവരിയില്‍ ദുബായ് ഓപ്പണും. എന്നില്‍ നിരവധി വികാരങ്ങള്‍ മിന്നിമായുന്നുണ്ട്. എന്റെ പ്രൊഫഷണല്‍ കരിയറിലെ കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരോടും ഞാന്‍ വളരെയധികം നന്ദിയുള്ളവളാണ്.

ജീവിതം മുന്നോട്ടുപോകുക തന്നെ വേണം. ഇത് ഒന്നിന്റേയും അവസാനമായി ഞാന്‍ കാണുന്നില്ല. ഇനിയുമേറെ ഓര്‍മകള്‍ കാത്തിരിപ്പുണ്ട്. അതിന്റെ തുടക്കം മാത്രമാണിത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക തന്നെവേണം. പുതിയ ലക്ഷ്യങ്ങള്‍ സജ്ജമാക്കണം. കുഞ്ഞിന് എന്നെ ഏറ്റവും അധികം ആവശ്യമുള്ള സമയമാണിത്. എനിക്കിതുവരെ അവന് നല്‍കാന്‍ കഴിഞ്ഞതില്‍ കൂടുതല്‍ സമയം ഇനി നല്‍കണം. ഇത് പുതിയ തുടക്കമാണ്. ഈ മത്സരവും ആഘോഷിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. സ്നേഹമെന്നും സാനിയ സോഷ്യല്‍ മീഡയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കസാഖിസ്ഥാന്റെ അന്നാ ഡാനിലിനക്കൊപ്പം ഡബിള്‍സ് കളിക്കുന്ന സാനിയ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ഇറങ്ങും.

sania mirza