അവസാന ഗ്രാന്‍ഡ് സ്ലാം; കണ്ണീരണിഞ്ഞ് സാനിയ

By Shyma Mohan.27 01 2023

imran-azhar

 


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തോറ്റുപുറത്തായതിനു പിന്നാലെ കണ്ണീരണിഞ്ഞ് സാനിയര്‍ മിര്‍സ.

 

തന്റെ അവസാന ഗ്രാന്‍ഡ് സ്ലാമിനിറങ്ങിയ സാനിയ വികാരഭരിതയായാണ് കോര്‍ട്ടിനോട് വിടപറഞ്ഞത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയാണ് സാനിയ പ്രൊഫഷണല്‍ കരിയറിനു തുടക്കം കുറിച്ചത്.

 

മെല്‍ബണിലാണ് എന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിനെക്കാള്‍ നല്ല മറ്റൊരു വേദിയില്ല. റോഡ് ലവര്‍ അരീന വളരെ പ്രത്യേകത ഉള്ളതാണ്. എന്റെ മകനു മുന്നില്‍ വച്ച് ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കണ്ണീരണിഞ്ഞ് സാനിയ പറഞ്ഞു.

 

ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ജോഡിയാണ് കലാശപ്പോരില്‍ ഇന്ത്യന്‍ സംഘത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബ്രസീല്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍. 7-6(7-2), 6-2.

 

സാനിയയുടെ കരിയറിലെ 11ാമത് ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു. ആറ് ഗ്രാന്‍ഡ് സ്ലാമുകള്‍ ഉള്‍പ്പെടെ 43 ഡബിള്‍സ് കിരീടങ്ങള്‍ നേടിയ സാനിയ വനിതാ ഡബിള്‍സ് വിഭാഗത്തില്‍ 91 ആഴ്ച ഒന്നാം റാങ്ക് നിലനിര്‍ത്തിയിരുന്നു.

 

അടുത്ത മാസം 19 ന് നടക്കാനിരിക്കുന്ന ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് താരത്തിന്റെ തീരുമാനം.

 

 

OTHER SECTIONS