4 ഏകദിനം; 3 സെഞ്ചുറി; ധവാന്റെ റെക്കോര്‍ഡ് ഭേദിച്ച് ഗില്‍

By Shyma Mohan.24 01 2023

imran-azhar

 

ഇന്‍ഡോര്‍: നാല് ഏകദിനങ്ങള്‍ക്കിടെ മൂന്നാം സെഞ്ചുറി സ്വന്തം പേരില്‍ കുറിച്ച് ശുഭ്മാന്‍ ഗില്‍. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ രണ്ടാം സെഞ്ചുറിയും.

 

ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്‍ രണ്ടാം ഏകദിനത്തില്‍ പുറത്താകാതെ 40 റണ്‍സ് നേടി. ആദ്യ ഏകദിനത്തില്‍ 149 പന്തുകള്‍ നേരിട്ട താരം 208 റണ്‍സാണ് നേടിയത്. ഇപ്പോള്‍ ഇന്‍ഡോറില്‍ 112 റണ്‍സും. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അവസാന ഏകദിനത്തില്‍ ഗില്‍ 116 റണ്‍സും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം സിംബാബ്വെയ്ക്കെതിരായിരുന്നു ഗില്ലിന്റെ ആദ്യ ഏകദിന സെഞ്ചുറി. 97 പന്തില്‍ 130 റണ്‍സാണ് ഗില്‍ അന്ന് നേടിയത്.

 

ഇതോടെ ഒരു ഇന്ത്യന്‍ റെക്കോര്‍ഡ് ഗില്ലിനെ തേടിയെത്തി. ഏറ്റവും കുറഞ്ഞ ഇന്നിംഗ്സില്‍ നാല് ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന താരമായിരിക്കുകയാണ് ഗില്‍. 21 ഇന്നിംഗ്സുകളിലാണ് ഗില്‍ നാല് സെഞ്ചുറികള്‍ നേടിയത്. 24 ഇന്നിംഗ്‌സില്‍ നിന്ന് നാല് സെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാനെയാണ് ഗില്‍ മറികടന്നത്.

 

അന്താരാഷ്ട്ര തലത്തില്‍ നാലാം സ്ഥാനത്താണ് ഗില്‍. പാകിസ്ഥാന്‍ താരം ഇമാം ഉള്‍ ഹഖാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. വെറും 9 ഇന്നിംഗ്സില്‍ നിന്ന് താരം നാല് സെഞ്ചുറി നേടിയിരുന്നു. 16 ഇന്നിംഗ്സില്‍ നാല് സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കാന്‍ താരം ക്വിന്റണ്‍ ഡി കോക്ക് രണ്ടാമത്. മുന്‍ ഇംഗ്ലണ്ട് താരം ഡെന്നിസ് അമിസ് മൂന്നാമതുണ്ട്. 18 ഇന്നിംഗ്സില്‍ നിന്നായിരുന്നു നേട്ടം. പിന്നില്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയേര്‍ അഞ്ചാമതുണ്ട്. 22 ഇന്നിംഗിസില്‍ നിന്നാണ് ഹെറ്റ്മയേര്‍ നാല് സെഞ്ചുറി നേടിയത്.

OTHER SECTIONS