/kalakaumudi/media/post_banners/bc055b2fd973df0cf72559701e4fad9d5ec8addf4e46eea515c3bc30fd5ba392.jpg)
ലഹോർ: പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻ ബാബർ അസമിനും ടീം മാനേജ്മെന്റിനുമെതിരെ വിമർശനവുമായി മുൻ പാക്ക് താരം അഹമ്മദ് ഷെഹ്സാദ്.
പാക്കിസ്ഥാന്‍ ടീമിൽ ചില താരങ്ങള്‍ക്കു പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നാണ് അഹമ്മദ് ഷെഹ്സാദിന്റെ ആരോപണം. കൂടാതെ ബുദ്ധിമുട്ടേറിയ സമയങ്ങളിൽ മറ്റുചില താരങ്ങൾ മാത്രം ഇരയാക്കപ്പെടുന്നതായും ഷെഹ്സാദ് കുറ്റപ്പെടുത്തി.
‘‘ഞാന്‍ ചില താരങ്ങളോടു സംസാരിച്ചിരുന്നു. മറ്റുള്ളവർക്കു കിട്ടുന്ന പരിഗണനയും ആത്മവിശ്വാസവും ചിലരുടെ കാര്യത്തിൽ ലഭിക്കുന്നില്ല. പ്രത്യേകം ആളുകളെ ടീമിൽ സംരക്ഷിച്ചു നിലനിര്‍ത്തിയ ശേഷം മറ്റുള്ളവരെ ഒഴിവാക്കുകയാണ്.
തയ്യബ് താഹിറിനെ ടീമില്‍ എടുത്തു, പിന്നീട് ഒഴിവാക്കി. ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സൗദ് ഷക്കീലിനെ ലോകകപ്പ് കളിപ്പിക്കുന്നത്. മിസ്റ്ററി സ്പിന്നറായ അബ്റാർ അഹമ്മദിനെ കളിപ്പിക്കണമെന്ന് ഞങ്ങൾ കുറച്ചേറെകാലമായി പറയുന്നതാണ്.’’– ഷെഹ്സാദ് പ്രതികരിച്ചു.
ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനോടും തോറ്റതോടെയാണ് പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ക്യാപ്റ്റൻ ബാബർ അസമിനെ മാറ്റണമെന്നുള്ള ആവശ്യവും ഉയർന്നു വരുന്നുണ്ട്.
തുടർച്ചയായുള്ള തോൽവികളെ തുടർന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക പ്രസ്താവന വരെ ഇറക്കി. പിന്തുണയ്ക്കുകയാണു വേണ്ടതെന്നാണ് പാക്കിസ്ഥാൻ ബോർഡിന്റെ പ്രതികരണം.