ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; ജയം; പരമ്പര

ഇന്ത്യ ഉയര്‍ത്തിയ റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ലങ്ക. 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 137 റണ്‍സിന് പുറത്തായി.

author-image
Shyma Mohan
New Update
ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; ജയം; പരമ്പര

രാജ്‌കോട്ട്: ഇന്ത്യ ഉയര്‍ത്തിയ റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ലങ്ക. 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 137 റണ്‍സിന് പുറത്തായി.

ലങ്കയെ എറിഞ്ഞ് വീഴ്ത്തി ടീം ഇന്ത്യക്ക് ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ 91 റണ്‍സിന്റെ വിജയവുമായാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും 2-1ന് പരമ്പര സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവിന്റെ ഐതിഹാസിക സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ മുന്നോട്ടുവെച്ച 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16.4 ഓവറില്‍ 137 റണ്‍സില്‍ എല്ലാവരും പുറത്തായി. അര്‍ഷ്ദീപ് സിംഗ് മൂന്നും ഹാര്‍ദിക് പാണ്ഡ്യയും ഉമ്രാന്‍ മാലിക്കും യുസ്വേന്ദ്ര ചാഹലും രണ്ട് വീതവും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

ലങ്കന്‍ ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ പാതും നിസങ്കയെ ഹാര്‍ദിക് പാണ്ഡ്യ എല്‍ബിയില്‍ കുടുക്കിയെങ്കിലും ഡിആര്‍എസ് ഫലം നിരാശപ്പെടുത്തി. പിന്നീട് അടിക്കുക എന്നൊരു ഓപ്ഷനെ ലങ്കന്‍ ഓപ്പണര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. ഷോര്‍ട് പിച്ച് പന്തുകള്‍ എറിഞ്ഞ് ഇന്ത്യ വെല്ലുവിളിച്ചതോടെ പാതും നിസങ്ക 15, അവിഷ്‌ക ഫെര്‍ണാണ്ടോ ഒരു റണ്ണിനും പുറത്തായി. അര്‍ഷ്ദീപ് സിംഗിനും ഹാര്‍ദിക് പാണ്ഡ്യക്കുമായിരുന്നു വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ 23 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിനെ അക്സര്‍ പട്ടേല്‍ പുറത്താക്കി. 14 പന്തില്‍ 19 റണ്‍സെടുത്ത അസലങ്ക ബൗണ്ടറിലൈനില്‍ ചാഹലിന്റെ പന്തില്‍ മാവിയുടെ ക്യാച്ചില്‍ മടങ്ങുമ്പോള്‍ ലങ്ക 9.3 ഓവറില്‍ 84-4. ധനഞ്ജയ ഡിസില്‍വയെയും(14 പന്തില്‍ 22) ചാഹല്‍ തന്നെ മടക്കി. പിന്നാലെ വനിന്ദു ഹസരങ്കയെ(8 പന്തില്‍ 9) ഉമ്രാന്‍ മാലിക് മടക്കി.

തൊട്ടുപിന്നാലെ ചാമിക കരുണരത്‌ന പൂജ്യത്തിന് ഹാര്‍ദിക്കിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. വീണ്ടും പന്തെടുത്ത ഉമ്രാന്‍, മഹീഷ് തീക്ഷണയെ 146 കിലോമീറ്റര്‍ വേഗത്തിലുള്ള പന്തില്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ ലങ്കന്‍ നായകന്‍ ദാസുന്‍ ശനകയെ അര്‍ഷ്ദീപ്, അക്സറിന്റെ കൈകളിലെത്തിച്ചു. രണ്ട് പന്തിന്റെ ഇടവേളയില്‍ ദില്‍ഷന്‍ മധുശങ്കയെ ഒരു റണ്ണിന് ബൗള്‍ഡാക്കിയതോടെ ഇന്ത്യക്ക് ജയവും പരമ്പരയും സ്വന്തം.

സൂര്യകുമാര്‍ യാദവിന്റെ ഉജ്വല സെഞ്ചുറി മികവിലാണ് ഇന്ത്യ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സൂര്യകുമാര്‍ യാദവ് 51 പന്തില്‍ ഏഴ് ഫോറും 9 സിക്സുകളും സഹിതം 112 റണ്‍സുമായി പുറത്താകാതെ നിന്നു. വെറും 45 പന്തിലായിരുന്നു സൂര്യ മൂന്നക്കം തികച്ചത്. ശുഭ്മാന്‍ ഗില്‍ 46 റണ്‍സും രാഹുല്‍ ത്രിപാഠി35 റണ്‍സും നേടി. അക്സര്‍ പട്ടേല്‍ പുറത്താവാതെ 21 റണ്‍സുമായി തിളങ്ങി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹാര്‍ദിക് പാണ്ഡ്യ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല രാജ്കോട്ടില്‍ ഇന്ത്യക്ക്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ഇന്നിംഗ്സില്‍ ദില്‍ഷന്‍ മധുശങ്കയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഫസ്റ്റ് സ്ലിപ്പില്‍ ധനഞ്ജയ ഡിസില്‍വയുടെ ക്യാച്ചില്‍ പുറത്തായി. രണ്ട് പന്തില്‍ 1 റണ്ണാണ് ഇഷാന്‍ നേടിയത്. മൂന്നാമനായി ക്രീസിലെത്തി നേരിട്ട രണ്ടാം പന്തില്‍ എഡ്ജില്‍ നിന്നും രക്ഷപ്പെട്ട രാഹുല്‍ ത്രിപാഠി പിന്നാലെ കടന്നാക്രമിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. ആറാം ഓവറിലെ മൂന്ന്, നാല് പന്തുകളില്‍ കരുണരത്നെയെ തകര്‍പ്പന്‍ സിക്സര്‍ പറത്തിയ ത്രിപാഠിക്ക് തൊടുത്തടുത്ത പന്തില്‍ പിഴച്ചു. തേഡ് മാനിലേക്ക് കളിക്കാനുള്ള ത്രിപാഠിയുടെ ശ്രമം മധുശങ്കയുടെ ക്യാച്ചില്‍ തീര്‍ന്നു. എങ്കിലും രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഇന്നിംഗ്സില്‍ ഭയരഹിതമായി കളിച്ച ത്രിപാഠി(16 പന്തില്‍ 35) അഞ്ച് ഫോറും രണ്ട് സിക്സും പറത്തി. പവര്‍പ്ലേയില്‍ 53-2 എന്നതായിരുന്നു ഇന്ത്യയുടെ സ്‌കോര്‍.

പിന്നാലെ ക്രീസിലൊന്നിച്ച ശുഭ്മാന്‍ ഗില്‍-സൂര്യകുമാര്‍ സഖ്യം ഇന്ത്യയെ മുന്നോട്ടുനയിച്ചു. എട്ടാം ഓവറില്‍ കരുണരത്‌നെയുടെ ആദ്യ പന്ത് ഫോറിനും രണ്ടാമത്തേത് സിക്സിനും പായിച്ച് സൂര്യ നയം വ്യക്തമാക്കി. ഇരുവരും 11 ഓവറില്‍ സ്‌കോര്‍ 100 കടത്തി. 13-ാം ഓവറില്‍ മധുശങ്കയെ തലങ്ങും വിലങ്ങും പായിച്ച് സൂര്യകുമാര്‍ ടോപ് ഗിയറിലായി. ഈ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 18 റണ്‍സ് പിറന്നപ്പോള്‍ സൂര്യ 26 പന്തില്‍ 14-ാം രാജ്യാന്തര ഫിഫ്റ്റി പൂര്‍ത്തിയാക്കി. പിന്നാലെ തീക്ഷണയെ 23 അടിച്ച് സൂര്യയും ഗില്ലും തകര്‍ത്താടി. എന്നാല്‍ പതിനഞ്ചാം ഓവറില്‍ സിക്സിനും ഡബിളിനും പിന്നാലെ ഗില്ലിനെ(36 പന്തില്‍ 46) ബൗള്‍ഡാക്കി ഹസരങ്ക ഇരുവരുടേയും 111 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ നാലും ദീപക് ഹൂഡ 2 പന്തില്‍ നാലും റണ്‍സുമായി മടങ്ങിയെങ്കിലും സൂര്യകുമാര്‍ അടിതുടര്‍ന്നു. ഇതോടെ ഇന്ത്യ 18 ഓവറില്‍ 200 തികച്ചു. പിന്നാലെ 45 പന്തില്‍ തന്റെ മൂന്നാം രാജ്യാന്തര ട്വിന്റി20 സെഞ്ചുറി സൂര്യ തികച്ചു.

india vs Sri Lanka 3rd T20I