/kalakaumudi/media/post_banners/a6f13ac68eb146077453cc3bbfd31e39a5dc464ae365e63d8a0fe8b5c9bed20d.jpg)
മുംബൈ: 2024ലെ പുരുഷ ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ചോര്‍ന്നതായി റിപ്പോര്‍ട്ട്. ടീം ഇന്ത്യയുടെ സാധ്യതാ ഷെഡ്യൂള്‍ സ്‌പോര്‍ട്‌സ് ടാക് പുറത്തുവിട്ടു. റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 9ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. എന്നാല്‍ മത്സരക്രമത്തെ കുറിച്ച് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
2024ല്‍ ജൂണ്‍ അഞ്ചാം തിയതി അയര്‍ലന്‍ഡിനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം എന്നാണ് സ്‌പോര്‍ട്‌സ് ടാക്കിന്റെ റിപ്പോര്‍ട്ട്. ജൂണ്‍ 9ന് ഇന്ത്യയും പാകിസ്ഥാനും മുഖാമുഖമെത്തും. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ ഗ്രൂപ്പ് മത്സരമാകും ഇത്. ജൂണ്‍ 12-ാം തിയതി ആതിഥേയരായ യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
15ന് ഇന്ത്യ-കാനഡ മത്സരവും നടക്കുമെന്ന് സ്‌പോര്‍ട്‌സ് ടാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മത്സരക്രമം യാഥാര്‍ഥ്യമായാല്‍ ഗ്രൂപ്പ് ഘട്ടം അനായാസം ഇന്ത്യക്ക് കടക്കാനാകും എന്നാണ് വിലയിരുത്തല്‍. ജൂണ്‍ 4 മുതല്‍ 30 വരെയാണ് ലോകകപ്പ് നടക്കുന്നത്.
20 ടീമുകള്‍ ആദ്യമായി ലോകകപ്പ് വേദിയില്‍ മത്സരത്തിനിറങ്ങുന്നു എന്ന സവിശേഷത കൂടിയുണ്ട്.ഇംഗ്ലണ്ടാണ് പുരുഷ ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍.
ടി20 ലോകകപ്പിനായി 30 താരങ്ങളെയാണ് ബിസിസിഐ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഐപിഎല്‍ 2024 പ്രകടനം കണക്കിലെടുത്തായിരിക്കും ടീം സെലക്ഷന്‍ എന്നാണ് സൂചന. രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ആരായിരിക്കും ക്യാപ്റ്റന്‍ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.