/kalakaumudi/media/post_banners/8db37512467982af230e2deea3150c7e0df020e95970dc3e905fc8e4de1fbbe0.jpg)
തിരുവനന്തപുരം: ഏറെക്കാലത്തെ ഫോമില്ലായ്മക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം പഴയ ഫോമിലേക്ക് തിരിച്ചെത്തിയ കിംഗ് കോഹ്‌ലിയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ താരം.
അവസാന ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കോഹ്‌ലി 110 പന്തില്‍ 166 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ അതില്‍ 13 ബൗണ്ടറികളും എട്ട് സിക്‌സറുകളുമുണ്ടായിരുന്നു. ഇതില്‍ കോലി പറത്തിയ ഒരു സിക്‌സ് ആരാധകരെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അതേസമയം ധോണി ബാക്ക് ഫൂട്ടിലായിരുന്നു ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചിരുന്നതെങ്കില്‍ കോഹ്‌ലി ഫ്രണ്ട് ഫൂട്ടിലായിരുന്നു ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സ് പറത്തിയത്. ഷോട്ട് കളിച്ചശേഷം അല്‍പനേരം ക്രീസില്‍ തലകുനിച്ചു നിന്ന കോഹ്‌ലി നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ക്ക് അടുത്തെത്തി മഹി ഷോട്ടെന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്തു. കോഹ്‌ലിയുടെ ഷോട്ട് കണ്ട് കമന്റേറ്റര്‍മാരും ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുമായുള്ള സാമ്യതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹോം ഗ്രൗണ്ടില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയിരുന്ന 20 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് പരമ്പരയിലെ രണ്ടാം സെഞ്ചുറിയിലൂടെ കോഹ്‌ലി മറികടന്നു. തന്റെ കരിയറിലെ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് കോഹ്‌ലി കാര്യവട്ടത്ത് കുറിച്ചത്. 2012ല്‍ പാകിസ്ഥാനെതിരെ മിര്‍പൂരില്‍ നേടിയ 183 റണ്‍സാണ് കോഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.