ദ്രാവിഡിന് പകരം ആര്? സാധ്യതയിൽ വീരുവടക്കം മൂന്നു പേർ

ദ്രാവിഡുമായുള്ള കരാർ പുതുക്കുമോയെന്ന കാര്യത്തിൽ ബിസിസിഐയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇനിയും വന്നിട്ടില്ല.2021ലെ ടി20 ലോകകപ്പിനു ശേഷമായിരുന്നു മുൻ കോച്ച് ശാസ്ത്രിയുടെ കരാർ അവസാനിച്ചത്.

author-image
Hiba
New Update
ദ്രാവിഡിന് പകരം ആര്? സാധ്യതയിൽ വീരുവടക്കം മൂന്നു പേർ

മുംബൈ: ഐസിസിയുടെ ഏകദിന ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ചും മുൻ ഇതിഹാസവുമായ രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരിക്കുകയാണ്. 2021ന്റെ അവസാനത്തോടെ രവി ശാസ്ത്രിയുടെ പിൻഗാമിയായി ചുമതലയേറ്റ അദ്ദേഹം ലോകകപ്പ് വരെയുള്ള കരാറിലായിരുന്നു ബിസിസിഐയുമായി ഒപ്പുവച്ചത്.

ദ്രാവിഡുമായുള്ള കരാർ പുതുക്കുമോയെന്ന കാര്യത്തിൽ ബിസിസിഐയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇനിയും വന്നിട്ടില്ല.2021ലെ ടി20 ലോകകപ്പിനു ശേഷമായിരുന്നു മുൻ കോച്ച് ശാസ്ത്രിയുടെ കരാർ അവസാനിച്ചത്.

തുടർന്നു ടൂർണമെന്റിനു ശേഷം അദ്ദേഹം പടിയിറങ്ങുകയും ചെയ്തു. ദ്രാവിഡ് കരാറുമായി മുന്നോട്ടുപോയില്ലെങ്കിൽ ടെസ്റ്റിലെ മുൻ സൂപ്പർ ബാറ്ററും ഇപ്പോൾ എൻസിഎയുടെ മേധാവിയുമായ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യൻ കോച്ചായി വരാൻ ഏറ്റവുമധികം സാധ്യതയുള്ളയാൾ.

ദ്രാവിഡിന് വിശ്രമം അനുവദിക്കപ്പെട്ടപ്പോഴെല്ലാം താൽക്കാലിക കോച്ചായി വന്നത് ലക്ഷ്മണായിരുന്നു. നേരത്തേ എൻസിഎ മേധാവിയായിരുന്ന ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ കോച്ചായി വന്നതോടെയാണ് പകരക്കാരനായി ലക്ഷ്മൺ ഈ റോളിലേക്കു വന്നത്.

കോച്ചെന്ന നിലയിൽ അനുഭവസമ്പത്തുള്ള വ്യക്തി കൂടിയാണ് ലക്ഷ്മൺ. വിരമിച്ച ശേഷം 2013ലാണ് അദ്ദേഹം പരിശീലകന്റെ റോളിലേക്കു വരുന്നത്.മുൻ ഇതിഹാസ സ്പിന്നറും ക്യാപ്റ്റനുമായിരുന്ന അനിൽ കുംബ്ലെയാണ് ഇന്ത്യയുടെ മുഖ്യ കോച്ചായി വരാൻ സാധ്യതയുള്ള രണ്ടാമത്തെയാൾ.

നേരത്തേ ഒരു തവണ ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ചായിട്ടുള്ള വ്യക്തിയാണ് കുംബ്ലെ. വിരാട് കോലി ഇന്ത്യൻ ക്യാപ്റ്റനായിരിക്കെയായിരുന്നു ഇത്. പക്ഷെ കോലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നു കുംബ്ലെ രാജിവയ്ക്കുകയായിരുന്നു.

മുൻ ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗാണ് ഇന്ത്യയുടെ മുഖ്യ കോച്ചായി വരാൻ സാധ്യതയുള്ള മൂന്നാമത്തെയാൾ. അദ്ദേഹത്തിനു നിലവിൽ ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുമായി കരാറൊന്നുമില്ല. അതുകൊണ്ടു തന്നെ ഓഫർ ലഭിച്ചാൽ വീരുവിനു നേരെ പരിശീലക സ്ഥാനത്തേക്കു വരാനും സാധിക്കും.

 
rahul dravid t20