സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ, ഒരു മുട്ടന്‍ പണിക്കുള്ള വെള്ളം ആരൊക്കെയോ അടുപ്പില്‍ വച്ചിട്ടുണ്ട്...!

നിരന്തരം പരാജയപ്പെട്ട ഋഷഭ് പന്തിനും കെ എല്‍ രാഹുലിനും കിട്ടിയ നീതി സഞ്ജുവിന് ലഭിച്ചില്ലെന്ന് കിഷോര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

author-image
Web Desk
New Update
സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ, ഒരു മുട്ടന്‍ പണിക്കുള്ള വെള്ളം ആരൊക്കെയോ അടുപ്പില്‍ വച്ചിട്ടുണ്ട്...!

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെതിരെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്രര്‍ സേവാഗും മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗും പ്രതികരിച്ചിരുന്നു. പിന്നാലെ സഞ്ജുവിന് പിന്തുണയുമായി നടന്‍ കിഷോര്‍ സത്യ. നിരന്തരം പരാജയപ്പെട്ട ഋഷഭ് പന്തിനും കെ എല്‍ രാഹുലിനും കിട്ടിയ നീതി സഞ്ജുവിന് ലഭിച്ചില്ലെന്ന് കിഷോര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ്:

വിരേന്ദര്‍ സേവാഗിനെ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒരു ക്രിക്കറ്റര്‍ എന്ന നിലയിലും അതിനുശേഷം വളരെ സരസമായ രീതിയില്‍ കളിയെ വിശകലനം ചെയ്യുന്ന ഒരാള്‍ എന്ന നിലയിലും. എന്നാല്‍ ഇന്ന് സഞ്ജു സാംസണെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഒരു കമന്റ് അതായത് കെ.എല്‍. രാഹുലാണ് സഞ്ജു സാംസണെക്കാള്‍ മികച്ച കളിക്കാരന്‍, രാഹുല്‍ ഫോം വീണ്ടെടുത്തിരിക്കുന്നു തുടങ്ങിയ രീതിയിലുള്ള ഒരു വാര്‍ത്ത അദ്ദേഹത്തിന്റേതായി കാണുകയുണ്ടായി. ഇത് വായിച്ചതോടുകൂടെ സേവാഗിനോട് ഇതുവരെയുണ്ടായിരുന്ന ഇഷ്ടത്തിന് ഇടിവു സംഭവിച്ചു. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലെ പ്രകടനത്തിനെ അടിസ്ഥാനമാക്കി എങ്ങനെ ഇത്തരമൊരു പ്രസ്താവനയില്‍ അദ്ദേഹത്തിന് എത്താന്‍ സാധിച്ചു എന്നുള്ളത് എന്നെ വളരെ അദ്ഭുതപ്പെടുത്തി.

സാന്ദര്‍ഭിക വശാല്‍ മറ്റൊരു കൗതുകമുള്ള വാര്‍ത്തയും ഇതോടൊപ്പം നമുക്കു ചേര്‍ത്തു വായിക്കാം. ഇന്ത്യയുടെ ദേശീയ ടീമിന്റെ മുന്‍ സിലക്ടര്‍ ആയിരുന്ന ശരണ്‍ ദീപ് സിങ്ങിന്റെ വകയാണ് അത്. 2015ല്‍ സിംബാബ്വെയ്‌ക്കെതിരെയുള്ള ട്വന്റി20 ടീമില്‍ സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇദ്ദേഹം സിലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. അവസരങ്ങള്‍ ലഭിച്ചിട്ടും സഞ്ജുവിന് ശോഭിക്കാന്‍ സാധിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതു ശരിയുമാണ്. സമ്മതിക്കുന്നു. പക്ഷേ പിന്നീട് ലഭിച്ച അവസരങ്ങള്‍ സഞ്ജു മനോഹരമായി ഉപയോഗിച്ചപ്പോഴും സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം കയ്യാല പുറത്തെ തേങ്ങ പോലെ ആയിരുന്നില്ലേ?!

ഇപ്പോള്‍ അദ്ദേഹം പറയുന്നത് ഈ ഐപിഎല്‍ ലീഗില്‍ 700 - 800 റണ്‍സ് എങ്കിലും അടിച്ചാല്‍ മാത്രമേ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് ഇനി എന്തെങ്കിലും സാധ്യതയുള്ളൂ എന്നാണ്. ഇഷാന്‍ കിഷനും 'പരുക്ക് പറ്റി വിശ്രമിക്കുന്ന' ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ഒക്കെ അദ്ദേഹത്തിന് വലിയ ഭീഷണികളാണത്രെ ഇപ്പോള്‍! നിരന്തരം ഫോം ഇല്ലാതെ ഉഴറിയ ഋഷഭ് പന്തിനും കെ.എല്‍. രാഹുലിനും ഒക്കെ കിട്ടിയ ഒരു നീതി എപ്പോഴെങ്കിലും സഞ്ജുവിനു ലഭിച്ചിരുന്നോ?! കണ്ണുമടച്ചു പറയാം ഒരിക്കലും ഇല്ല.

സേവാഗ് പറയുന്നത് ആറ് കളികളില്‍ നിന്നും രാഹുല്‍ ഇതുവരെ 194 റണ്‍സ് നേടിയെന്നും എന്നാല്‍ ആറ് കളികളില്‍ നിന്നും സഞ്ജു 159 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ എന്നുമാണ്! ഒപ്പം രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തി എന്ന് എന്തോ വലിയ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്. പവര്‍ പ്ലേയുടെ പൂര്‍ണ്ണ അധികാരം നേടി ഓപ്പണര്‍ ആയി ഇറങ്ങുന്ന രാഹുലിനെയാണ് വണ്‍ ഡൗണോ ടു ഡൗണോ ആയി ഇറങ്ങുന്ന സഞ്ജുവുമായിട്ട് അദ്ദേഹം താരതമ്യപ്പെടുത്തിയിരിക്കുന്നത്. വിചിത്രം തന്നെ!

ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 114. സഞ്ജു സാംസണ് 160! ഇനി മറ്റു ടീമുകളിലെ ഓപ്പണര്‍മാരുടെ റണ്‍സും സ്‌ട്രൈക്ക് റേറ്റും നോക്കുന്നത് വളരെ കൗതുകമുള്ള ഒരു കാഴ്ചയാണ്. ഫാഫ് ഡുപ്ലെസി 6 മത്സരം റണ്‍സ് 343 സ്‌ട്രൈക്ക് റേറ്റ് 166. ഡേവിഡ് വര്‍ണര്‍ 6 മത്സരം റണ്‍സ് 285 സ്‌ട്രൈക്ക്‌റേറ്റ് 120. വിരാട് കോലി 6 മത്സരം റണ്‍സ് 279 സ്‌ട്രൈക്ക്‌റേറ്റ് 142. ജോസ് ബട്‌ലര്‍ 6 മത്സരം റണ്‍സ് 244 സ്‌ട്രൈക്ക്‌റേറ്റ് 146. ആദ്യ മത്സരത്തില്‍ സഞ്ജു ഇറങ്ങുന്നത് 5.5 ഓവറില്‍. രണ്ടാം മത്സരത്തില്‍ അദ്ദേഹം രണ്ടു പേര്‍ പുറത്തായശേഷമാണ് ഇറങ്ങിയത് 3.2 ഓവറില്‍. മൂന്നാമത്തെയും നാലാമത്തെ മത്സരങ്ങളില്‍ 0 റണ്‍സ് ആണ് നേടിയത്. അഞ്ചാമത്തെ മത്സരത്തില്‍ 2 ഡൗണ്‍ അദ്ദേഹം ഇറങ്ങുന്നത് 2.5 ഓവറില്‍. ആറാമത്തെ മത്സരത്തില്‍ ഇറങ്ങുന്നത് ആവട്ടെ 12.4 ഓവറില്‍!

6 മത്സരങ്ങളില്‍ നിന്നും 36 ഓവര്‍ പവര്‍പ്ലേയുടെ അഡ്വാന്റേജ് പൂര്‍ണമായും നേടിയിട്ടും 194 റണ്‍സ് മാത്രം കൈമുതലായ കെ.എല്‍. രാഹുലുമായി താരതമ്യം ചെയ്യുമ്പോള്‍ 159 റണ്‍സ് നേടിയ ഈ കൊച്ചു സാംസനോട് ഒരു സാമാന്യ മര്യാദയെങ്കിലും സേവാഗ് കാണിക്കേണ്ടിയിരുന്നില്ലേ.

ട്വന്റി20 മത്സരങ്ങളില്‍ റണ്‍സിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് സ്‌ട്രൈക്ക് റേറ്റിന് ആണ് എന്നുള്ള ഒരു കാര്യം സേവാഗ് ബോധപൂര്‍വം കണ്ണടച്ച് ഇരുട്ടാക്കി കളഞ്ഞു! സേവാഗിന്റെയും ശരണ്‍ ദീപ് സിങ്ങിന്റെയും ഈ വിശകലനങ്ങള്‍ കാണുമ്പോള്‍ പ്രിയപ്പെട്ട സഞ്ജു നിങ്ങളെ ആരൊക്കെയോ വീണ്ടും ഭയപ്പെടുന്നു എന്ന് വ്യക്തം. അത് വ്യക്തികള്‍ ആയാലും ലോബികള്‍ ആയാലും. സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ.... അടുത്തുള്ള ഏതോ ഒരു മുട്ടന്‍ പണിക്കുള്ള വെള്ളം ആരൊക്കെയോ അടുപ്പില്‍ വച്ച് തീയെരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആശംസകള്‍. ഇങ്ങ് ഇട്ടാവട്ടത്ത് കിടക്കുന്ന ചുരുക്കം മലയാളികള്‍ മാത്രമല്ല ലോകം മുഴുവനുള്ള നിരവധിപേര്‍ നിങ്ങളുടെ പുറകില്‍ ഉണ്ട്. ഇഷ്ടങ്ങളും ആശംസകളും സ്‌നേഹപ്പൂക്കളുമായി.

cricket actor Sanju Samson kishor sathya