മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സി പുറത്തിറക്കി ജേഴ്സി സ്പോണ്‍സര്‍മാരായ അഡിഡാസ്. മൂന്നാം ലോകകപ്പ് സ്വപ്നം കാണുന്ന ഇന്ത്യന്‍ ടീമിന് 3കാ ഡ്രീം എന്ന തീം സോംഗോടുകൂടിയാണ് പുതിയ ജേഴ്സി അഡിഡാസ് പുറത്തിറക്കിയിരിക്കുന്നത്. എക്സില്‍ പങ്കുവച്ച വീഡിയോയിലാണ് പുതിയ ജേഴ്സി ധരിച്ച് താരങ്ങള്‍ എത്തുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന് രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് തുടങ്ങിയവരെല്ലാം പുതിയ ജേഴ്സിയുടെ തീം സോംഗില്‍ പ്രത്യക്ഷപ്പെടുന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ധരിച്ച നീല ജേഴ്സിയില്‍ പ്രത്യക്ഷത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് അഡിഡാസ് ലോകകപ്പ് ജേഴ്സി പുറത്തിറക്കിയിരിക്കുന്നത്. തോളിലെ മൂന്ന് വെള്ള വരകളില്‍ ദേശീയ പതാകയിലെ നിറങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പ്രധാന മാറ്റം. അതെസമയം ഇപ്പോള്‍ പുറത്തുവിട്ട ജേഴ്സിയിലുള്ള ഡ്രീം ഇലവന്‍ എന്ന പേര് ലോകകപ്പ് ജേഴ്സിയില്‍ ഉണ്ടാകില്ല.
നേരത്തെ ജേഴ്സിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായപ്പോള്‍ നെഞ്ചില്‍ ബിസിസിഐ ലോകോക്ക് തൊട്ടുമുകളിലായി ഇന്ത്യ നേടിയ ലോകകപ്പുകളുടെ എണ്ണം സൂചിപ്പിക്കുന്ന മൂന്ന് നക്ഷത്രങ്ങള്‍ക്ക് പകരം രണ്ട് നക്ഷത്രങ്ങള്‍ മാത്രമെയുള്ളൂവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യ രണ്ട് കിരീടങ്ങള്‍ മാത്രമാണ് നേടിയിട്ടുള്ളത് എന്നതിനാലാണ് ഇതെന്നാണ് തീം സോംഗ് നല്‍കുന്ന സൂചന. തീന്‍ കാ ഡ്രീം അപ്ന(മൂന്നാം കിരീടമാണ് നമ്മുടെ സ്വപ്നം) എന്നതാണ് തീം സോംഗില്‍ പറയുന്നത്. 1983ലെയും 2011ലെയും ഏകദിന ലോകകപ്പ് വിജയങ്ങളും 2007ലെ ടി20 ലോകകപ്പ് വിജയവും സൂചിപ്പിക്കാനാണ് ജേഴ്സിയില്‍ മൂന്ന് നക്ഷത്രങ്ങള്‍ തുന്നിച്ചേര്‍ക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റില്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.