റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ ശബാബിനെ 3-2 ഗോളുകള്‍ക്ക് അല്‍ നസര്‍ വീഴ്ത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ അടിച്ചപ്പോള്‍ ബ്രസീലിയന്‍ താരം ടാലിസ്‌ക ഇരട്ടഗോളുമായി അല്‍ നസറിനെ ഉയര്‍ത്തി.
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോയാണ് അല്‍ നസറിന് ആദ്യം ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ പെനാല്‍റ്റിയിലൂടെ അല്‍ ശബാബ് സമനിലയിലായി. യാനിക് കരാസ്‌കോയാണ് അല്‍ ശബാബിനെ അല്‍ നസറിനൊപ്പമെത്തിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടാലിസ്‌ക അല്‍ നസറിന്റെ ലീഡ് ഉയര്‍ത്തി. ഒറ്റാവിയോയുടെ പാസില്‍ നിന്നായിരുന്നു ടാലിസ്‌കയുടെ ഗോള്‍. ലീഡ് വഴങ്ങിയെങ്കിലും തളരാതെ പൊരുതിയ അല്‍ ശബാബ് വീണ്ടും അല്‍ നസറിനൊപ്പമെത്തി. 67-ാം മിനിറ്റില്‍ കാര്‍ലോസാണ് ശബാബിന്റെ രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ 87-ാം മിനിറ്റില്‍ ടാലിസ്‌ക നേടിയ ഗോളിലൂടെ അല്‍ നസര്‍ വിജയമുറപ്പിച്ചു.