/kalakaumudi/media/post_banners/ac6ffda85e34c29b60677776dd029148b941b5a01a64b194ad8d581dc8237eee.jpg)
തിരുവനന്തപുരം: കേരളത്തില്‍ മത്സരത്തിനെത്താന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാന്‍. താല്‍പര്യം അറിയിച്ച് അര്‍ജന്റീനയുടെ കത്ത് അടുത്ത ആഴ്ച ലഭിച്ചാല്‍ ഉടന്‍ കേരളം തുടര്‍നടപടികള്‍ ആരംഭിക്കും.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി കൂടിയാലോചിച്ചാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ടു പോകുന്നത്. അര്‍ജന്റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും വി. അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.
'ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തില്‍ അര്‍ജന്റീനയുടെ ഒരു കളിയെന്നതു നമ്മുടെ എല്ലാവരുടേയും സ്വപ്നമാണ്. മുഖ്യമന്ത്രി അര്‍ജന്റീന എംബസിയില്‍ നേരിട്ടുപോയി. കേരളത്തിലെ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് അര്‍ജന്റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി അവിടെയെത്തി ആശംസകള്‍ അറിയിച്ചത്. അര്‍ജന്റീന കേരളത്തിലേക്കു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.'
'കേരളത്തില്‍ ഫുട്‌ബോള്‍ നടത്തുകയാണെങ്കില്‍ സഹായിക്കാമെന്നൊക്കെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറയുന്നുണ്ട്. അതില്‍ കേരളത്തിന് ഒരു മടിയുമില്ല. അര്‍ജന്റീന ടീമിന്റെ മാനേജര്‍മാര്‍ കേരളത്തിലേക്കു ടീമിനു വരാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണ്. അര്‍ജന്റീന താല്‍പര്യ പത്രം തന്നാല്‍ ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. മത്സരം നടത്താവുന്ന സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ട്.'- മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.