/kalakaumudi/media/post_banners/a00bdfb6ba633d713c4a79b10c346812fab81896ef9e2cff12c5d8abca0f6a84.jpg)
അര്‍ജന്റീന ടീമിനൊപ്പം മെസിയും കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. ഫുട്‌ബോള്‍ മത്സരങ്ങള്‍ മലപ്പുറത്തെ സ്റ്റേഡിയത്തില്‍ നടത്തുവാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. അപ്പോഴേക്കും സ്‌റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്കു ശേഷം അര്‍ജന്റീന ടീം കേരളത്തില്‍ 2 സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ഒക്ടോബറിലാണ് മെസ്സിയും ടീമും കേരളത്തിലെത്തുകയെന്ന് മന്ത്രി ഫെയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
നേരത്തേ ജൂണില്‍ കളിക്കാനെത്തുമെന്നാണ് അര്‍ജന്റീന ടീം അറിയിച്ചിരുന്നത്.
എന്നാല്‍, ആ സമയം മണ്‍സൂണ്‍ കാലമായതിനാല്‍ കേരള പ്രതിനിധികള്‍ പ്രയാസം അറിയിക്കുകയായിരുന്നു. ഇതോടെയാണ് അടുത്ത വര്‍ഷം ഒക്ടോബറില്‍ കളിക്കാനെത്താന്‍ അര്‍ജന്റീന സമ്മതിച്ചത്. കേരളവുമായി ഫുട്‌ബോള്‍ മേഖലയില്‍ സജീവമായ സഹകരണത്തിനുള്ള സന്നദ്ധതയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.