അര്‍ജന്റീനയ്ക്കായി നൂറാം ഗോള്‍ സ്വന്തമാക്കി മെസ്സി; ഹാട്രിക്കോടെ കുറാസോയെ തകര്‍ത്തു

അര്‍ജന്റീനയ്ക്കായി നൂറാം ഗോള്‍ നേടി ലയണല്‍ മെസ്സി.കരിയറിലെ 800 ഗോള്‍ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ നേട്ടം.

author-image
Greeshma Rakesh
New Update
അര്‍ജന്റീനയ്ക്കായി നൂറാം ഗോള്‍ സ്വന്തമാക്കി മെസ്സി; ഹാട്രിക്കോടെ കുറാസോയെ തകര്‍ത്തു

 

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയ്ക്കായി നൂറാം ഗോള്‍ നേടി ലയണല്‍ മെസ്സി.കരിയറിലെ 800 ഗോള്‍ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ നേട്ടം. സൗഹൃദ മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ലോകചാമ്പ്യന്‍മാര്‍ കുറാസോയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു. 20-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയാണ് മെസ്സി രാജ്യത്തിനായി 100-ാം അന്താരാഷ്ട്ര ഗോള്‍ നേടിയത്. 174 മത്സരങ്ങളില്‍ നിന്നാണ് സൂപ്പര്‍ താരത്തിന് ഈ നേട്ടം സ്വന്തമാക്കാനായത്.

20,33,37 മിനിറ്റുകളിലായി മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മെസ്സി ഹാട്രിക് സ്വന്തമാക്കിയതും. ലോകകപ്പ് കിരീടം ഉയര്‍ത്തിയിട്ട് കൃത്യം നൂറാം ദിവസം തന്നെയാണ് മെസ്സി തന്റെ നൂറാം അന്താരാഷ്ട്ര ഗോളും നേടിയത് എന്നതും മറ്റൊരു പ്രത്യോകതയാണ്.

ബുധനാഴ്ച പുലര്‍ച്ചെ 5.30-ന് അര്‍ജന്റീനയിലെ സാന്റിയാഗോയിലായിരുന്നു മത്സരം. ആദ്യ പകുതിയില്‍ അഞ്ചു ഗോളിന് മുന്നിട്ട് നിന്ന് അര്‍ജന്റീന രണ്ടാം പകുതിയില്‍ രണ്ടുഗോള്‍ കൂടി നേടി.20-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി മെസ്സി ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചു. മൂന്ന് മിനിറ്റ് പിന്നിടുംമുമ്പ് നിക്കോ ഗോണ്‍സാലസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി.

33-ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി അര്‍ജന്റീനയുടെ സ്‌കോര്‍ മൂന്നാക്കി.തുടര്‍ന്നുള്ള നാല് മിനിറ്റുകള്‍ക്കിടെ രണ്ടു ഗോളുകള്‍ കൂടി പിറന്നു. 35-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ നാലാം ഗോളടിച്ചപ്പോള്‍ 37-ാം മിനിറ്റില്‍ മെസ്സി തന്റെ ഹാട്രിക് തികച്ചു. രണ്ടാം പകുതിയില്‍ 78-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ പെനാല്‍റ്റിയും ഗോണ്‍സാലോ മോണ്ടിയലിന്റെ ക്ലോസ് റേഞ്ച് സ്‌ട്രൈക്കിലൂടെ അര്‍ജന്റീന സ്‌കോര്‍ ഏഴിലേക്കും എത്തിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പനാമയ്ക്കെതിരേ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീന ജയിച്ചിരുന്നു. ലോകകപ്പ് കിരീടം നേടിയശേഷം ആദ്യ മത്സരമായിരുന്നു പനാമയ്ക്കെതിരെ. ഈ കളിയില്‍ 89-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഗോളടിച്ചാണ് മെസ്സി തന്റെ കരിയറിലെ 800-ാം ഗോള്‍ സ്വന്തമാക്കിയത്.

100 അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന മൂന്നാമത്തെ പുരുഷ താരമാണ് മെസ്സി. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമത്. 122 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ഇറാന്റെ അലി ദേയി 109 ഗോളുമായി രണ്ടാമതുണ്ട്. 2005 മുതലാണ് മെസ്സി അര്‍ജന്റീനയുടെ സീനിയര്‍ ടീം ദേശീയ ജേഴ്‌സിയണിഞ്ഞത്.

2004-ല്‍ അണ്ടര്‍ 20 ടീമിലും കളിച്ചിരുന്നു. 2006 മുതല്‍ 2022 വരെ അഞ്ച് ഫുട്‌ബോള്‍ ലോകകപ്പിലും പങ്കെടുത്തു. 2005 ഓഗസ്റ്റ് 17-ന് ഹംഗറിക്കെതിരേയായിരുന്നു മെസ്സിയുടെ അരങ്ങേറ്റ മത്സരം. 2006 മാര്‍ച്ച് ഒന്നിന് ക്രൊയേഷ്യക്കെതിരേ താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളും പിറന്നു.

lionel messi football sports news argentina