By Web Desk.22 03 2023
ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ചെന്നൈയിലെ അവസാന ഏകദിനത്തില്‍ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സില്‍ ഓള്‍ഔട്ടാവുകയായി. ഇതോടെ ഓസിസ് 21 റണ്‍സിന്റെ ജയം സ്വന്തമാക്കി. സ്‌കോര്‍: ഓസീസ്- 269 (49), ഇന്ത്യ- 248 (49.1).
ഓസീസിനായി ആദം സാംപ നാലും ആഷ്ടണ്‍ അഗര്‍ രണ്ടും മാര്‍ക്കസ് സ്റ്റോയിനിസും ഷോണ്‍ അബോട്ടും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്‍-രോഹിത് ശര്‍മ്മ സഖ്യം ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. 17 പന്തില്‍ 30 നേടിയ രോഹിത്തിനെ ഷോണ്‍ അബോട്ടും 49 പന്തില്‍ 37 നേടിയ ഗില്ലിനെ പിന്നാലെ ആദം സാംപയും പവലിയനില്‍ എത്തിച്ചു.
വിരാട് കോലി-കെ എല്‍ രാഹുല്‍ സഖ്യം പോരാട്ടത്തിന് ശ്രമിച്ചെങ്കിലും രാഹുലിനെ 50 പന്തില്‍ 32 റണ്‍സെടുത്ത് നില്‍ക്കേ മടക്കി സാംപ വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. സ്ഥാനക്കയറ്റം കിട്ടി അഞ്ചാമനായി ക്രീസിലെത്തിയ അക്സര്‍ പട്ടേലാവട്ടേ 4 പന്തില്‍ 2 റണ്ണുമായി സ്റ്റീവ് സ്മിത്തിന്റെ ത്രോയില്‍ മടങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സില്‍ എല്ലാവരും പുറത്തായി. 31 പന്തില്‍ 33 റണ്ണുമായി ട്രാവിസ് ഹെഡും 47 പന്തില്‍ 47 റണ്‍സുമായി മിച്ചല്‍ മാര്‍ഷും നല്‍കിയ മികച്ച തുടക്കം കൂറ്റന്‍ സ്‌കോറിലേക്ക് എത്തിക്കാന്‍ ഓസീസിനായില്ല.
ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വീതവും മുഹമ്മദ് സിറാജും അക്സര്‍ പട്ടേലും രണ്ട് വീതവും വിക്കറ്റ് നേടി.