/kalakaumudi/media/post_banners/4dc1c146dc1d9525b36d4b8aee47cefb3d095f951d13fadbbc7ae9f537b34805.jpg)
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റനായി നജ്മുൽ ഹൊസൈൻ ഷാന്റോയെ തെരഞ്ഞെടുത്തു. മുൻ ക്യാപ്റ്റനായിരുന്ന ഷാകിബ് അൽ ഹസൻ കണ്ണിന്റെ അസുഖം കാരണം ചികിത്സ തേടുന്നതിനാൽ അനിശ്ചിതത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
25കാരനായ നജ്മുൽ നേരത്തെ ന്യൂസിലാൻഡിനെതിരെ ബംഗ്ലാദേശിലും ന്യൂസിലാൻഡിലും നടന്ന പരമ്പരകളിൽ ടീമിനെ നയിച്ചിരുന്നു.ബംഗ്ലാദേശിനായി 25 ടെസ്റ്റുകൾ കളിച്ച നജ്മുൽ ഹൊസൈൻ 1449 റൺസ് നേടിയിട്ടുണ്ട്. 42 ഏകദിനങ്ങളിൽ 1202ഉം 28 ട്വന്റി 20കളിൽ 602ഉം റൺസ് വീതമാണ് സമ്പാദ്യം.
‘ക്യാപ്റ്റൻ എന്ന നിലയിൽ ഞങ്ങളുടെ ആദ്യ ചോയ്‌സ് ഷാക്കിബായിരുന്നു. എന്നാൽ, അനിശ്ചിതത്വം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ -പുതിയ നായകനെ പ്രഖ്യാപിച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൽ ഹസൻ പറഞ്ഞു.കഴിഞ്ഞ ലോകകപ്പിനിടെ കണ്ണിന്റെ അസുഖം രൂക്ഷമായതോടെ ഷാകിബ് ബ്രിട്ടനിലും സിംഗപ്പൂരിലും ചികിത്സ തേടിയിരുന്നു.
ഇതേ കാരണത്താൽ പല അന്താരാഷ്ട്ര മത്സരങ്ങളും ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ മത്സരങ്ങളും ഷാകിബിന് നഷ്ടമായിരുന്നു.ഈ വർഷം 14 ടെസ്റ്റുകളും ഒമ്പത് ഏകദിനങ്ങളും ലോകകപ്പ് ഉൾപ്പെടെ 21 ട്വന്റി 20 മത്സരങ്ങളുമാണ് ബംഗ്ലാദേശ് കളിക്കുക. മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഗാസി അഷ്റഫ് ഹുസൈനെ മുഖ്യ സെലക്ടറായും നിയമിച്ചിട്ടുണ്ട്.