ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി; പുതു ചരിത്രമെഴുതി അശ്വിന്‍, തീപാറും പോരാട്ടം

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ നേഥന്‍ ലിയോണിനൊപ്പം ഇനി അശ്വിനും

author-image
greeshma
New Update
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി; പുതു ചരിത്രമെഴുതി അശ്വിന്‍, തീപാറും പോരാട്ടം

അഹമ്മദാബാദ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ആറ് വിക്കറ്റ് നേട്ടത്തോടെ പുതുചരിത്രം കുറിച്ച് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ നേഥന്‍ ലിയോണിനൊപ്പം ഇനി അശ്വിനും. ഇരുവരും 113 വിക്കറ്റാണ് ഇതിനോടകം വീഴ്ത്തിയിട്ടുള്ളത്. അതെ സമയം 111 വിക്കറ്റുകളുമായി ഇന്ത്യന്‍ ഇതിഹാസങ്ങളായ അനില്‍ കുംബ്ലെ രണ്ടും 95 വിക്കറ്റോടെ ഹര്‍ഭജന്‍ സിംഗ് മൂന്നും സ്ഥാനങ്ങളില്‍ എത്തി.അഹമ്മദാബാദില്‍ 47.2 ഓവറില്‍ 91 റണ്‍സ് വിട്ടുകൊടുത്താണ് ആര്‍ അശ്വിന്‍ ആറ് ഓസീസ് ബാറ്റര്‍മാരെ പുറത്താക്കിയത്. മധ്യനിരയും വാലറ്റവുമാണ് അശ്വിന് മുന്നില്‍ പതറിയത്.

ഓപ്പണര്‍ ട്രാവിസ് ഹെഡ്(32), കന്നി സെഞ്ചുറിക്കാരന്‍ കാമറൂണ്‍ ഗ്രീന്‍(114), അലക്‌സ് ക്യാരി(0), മിച്ചല്‍ സ്റ്റാര്‍ക്ക്(6), നേഥന്‍ ലിയോണ്‍(34), ടോഡ് മര്‍ഫി(41) എന്നിവരുടെ വിക്കറ്റുകളും അശ്വിന് പിഴുതു. കളിയില്‍ പേസര്‍ മുഹമ്മദ് ഷമി രണ്ടും സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റും നേടി.

അതെ സമയം ഓസ്‌ട്രേലിയ വമ്പല്‍ സ്‌കോറാണ് അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 167.2 ഓവറില്‍ 480 റണ്‍സടിച്ചുകൂട്ടി. 422 പന്ത് നേരിട്ട് 180 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് സന്ദര്‍ശകര്‍ക്ക് കരുത്തായത്. ഖവാജയ്‌ക്കൊപ്പം 150 റണ്‍സിലേറെ കൂട്ടുകെട്ടുമായി കാമറൂണ്‍ ഗ്രീനും ശ്രദ്ധേയമായി. ഗ്രീന്‍ 170 പന്തില്‍ 114 റണ്‍സെടുത്തു.

ഗ്രീനിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്. പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. അഹമ്മദാബാദില്‍ ജയിച്ചാല്‍ പരമ്പരയ്‌ക്കൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടിക്കറ്റും ഇന്ത്യക്ക് ഉറപ്പിക്കാം.

cricket bgt 2023 ravichandran ashwin