/kalakaumudi/media/post_banners/e95030cf69311a7b3178b17c84a064691117ed90b1fcc8eac1d221efcb622ad8.jpg)
ലണ്ടന്‍: ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ പുരുഷ താരമെന്ന ചരിത്ര നേട്ടം ഔദ്യോഗികമായി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ താരം മാത്യു എബ്ദെനൊപ്പം അര്‍ജന്റീനയുടെ മാക്‌സിമോ ഗോണ്‍സാലസ് - ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചതിനു പിന്നാലെ തന്നെ 43-കാരനായ ബൊപ്പണ്ണ ഒന്നാം റാങ്ക് ഉറപ്പാക്കിയിരുന്നു. തിങ്കളാഴ്ചയാണ് പുതുക്കിയ റാങ്കിങ് പ്രഖ്യാപിച്ചത്. റാങ്കിങ്ങില്‍ ഏറ്റവും പ്രായം കൂടിയ താരമെന്ന ഒന്നാം സ്ഥാനത്തിന്റെ റെക്കോഡ് ജേതാവായ അമേരിക്കയുടെ രാജീവ് റാമിനെ മറികടന്നാണ് റാങ്കിങില്‍ ഇടംപിടിച്ചത്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടനേട്ടത്തിനു പിന്നാലെയാണ് ഇപ്പോള്‍ ബൊപ്പണ്ണയെ തേടി ഒന്നാം റാങ്കുമെത്തിയിരിക്കുന്നത്. കിരീട നേട്ടത്തോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ (1968ന് ശേഷം) ഗ്രാന്‍സ്ലാം ജേതാവാകുന്ന ഏറ്റവും പ്രായമേറിയ പുരുഷ താരമെന്ന റെക്കോഡും പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന റെക്കോഡും ബൊപ്പണ്ണ സ്വന്തമാക്കി.
ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം നേട്ടവുമായിരുന്നു ഇത്. 2017-ല്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടമായിരുന്നു ആദ്യത്തേത്.