റയലിനെ അടപടലം വീഴ്ത്തി സിറ്റി; ഇനി ഫൈനല്‍ പോരാട്ടം ഇന്റര്‍ മിലാനുമായി

By web desk.18 05 2023

imran-azhar

 

 


മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയിലും മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. എതിരില്ലാത്ത നാലു ഗോളിനാണ് സിറ്റി മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.

 

എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരെ വാരിക്കളയുന്ന പ്രകടനമാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീം പുറത്തെടുത്തത്.

 

ആദ്യ പകുതിയില്‍ ബെര്‍ണാഡോ സില്‍വ നേടിയ ഇരട്ട ഗോളില്‍ തന്നെ സിറ്റി ഫൈനലുറപ്പിച്ചു. എല്‍ഡര്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോളില്‍ മൂന്ന് ഗോളിന് പിന്നിലായിപ്പോയ മാഡ്രിഡന് പ്രഹരം നല്‍കി കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ ജൂലിയന്‍ അല്‍വാരസ് അവസാന നാലാം ഗോളും നേടി.

 

രണ്ടാം പകുതിയില്‍ തിരിച്ചുവരവിനുള്ള റയലിന്റെ ശ്രമം സിറ്റിയുടെ നിരന്തര ആക്രമണങ്ങളില്‍ തകര്‍ന്നു. 76ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനെയുടെ ഫ്രീ കിക്ക് മിലിറ്റാവോയുടെ കാലില്‍ തട്ടി വലയില്‍ കയറിയതോടെ റയലിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

 

ഇഞ്ചുറി ടൈമില്‍ ഒരെണ്ണം കൂടി റയലിന്റെ വലയില്‍ എത്തിച്ച് അല്‍വാരെസ് സിറ്റിയുടെ പടയോട്ടം പൂര്‍ത്തിയാക്കി.

 

എത്തിഹാദില്‍ തോല്‍വിയറിയാതെ സിറ്റിയുടെ 26-ാം മത്സരമാണിത്. രണ്ട് വര്‍ഷം മുമ്പ് ഫൈനലില്‍ ചെല്‍സിയോട് സിറ്റി തോറ്റിരുന്നു.

 

ജൂണ്‍ 11ന് ടര്‍ക്കിയിലെ അതാതുര്‍ക് ഒളിംപിക് സ്റ്റേഡിയത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി-ഇന്റര്‍ മിലാന്‍ ഫൈനല്‍ പോരാട്ടം.

 

 

 

 

OTHER SECTIONS