കായികനയത്തിന് അംഗീകാരം നല്‍കി മന്ത്രിസഭ

ബി.സി.സി.ഐ. മാതൃകയില്‍ കായികസംഘടനകളുടെ പ്രവര്‍ത്തനം മാറ്റുക എന്ന നിര്‍ദേശവും പുതിയനയത്തിലുണ്ട്.

author-image
greeshma
New Update
കായികനയത്തിന് അംഗീകാരം നല്‍കി മന്ത്രിസഭ

 

തിരുവനന്തപുരം: സംസ്ഥാനതലത്തില്‍ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിന് അംഗീകാരം നല്‍കി മന്ത്രിസഭ. ക്രിക്കറ്റ്, കബഡി, വോളിബോള്‍, ഹോക്കി, ഫുട്‌ബോള്‍ തുടങ്ങിയ കായികയിനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള കായികനയമാണ് മന്ത്രിസഭ അംഗീകരിച്ചത്. തുടര്‍ന്ന് കായികപാഠ്യപദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, കായിക മന്ത്രിമാര്‍ ചര്‍ച്ചനടത്തും. ഇതുമായി ബന്ധപ്പെട്ട് വകുപ്പുതലത്തില്‍ പ്രത്യേക ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ബി.സി.സി.ഐ. മാതൃകയില്‍ കായികസംഘടനകളുടെ പ്രവര്‍ത്തനം മാറ്റുക എന്ന നിര്‍ദേശവും പുതിയനയത്തിലുണ്ട്.സര്‍ക്കാര്‍ സഹായധനം കുറച്ച് അസോസിയേഷനുകളെ സ്വയംപര്യാപ്തതയിലെത്തിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുകയെന്നതാണ് നിലവിലെ ലക്ഷ്യം. സ്വകാര്യമേഖലയെ കായികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേകോദ്ദേശ്യകമ്പനി രൂപവത്കരിക്കുന്നതും നയത്തിലുണ്ട്.

കായികതാരങ്ങളെ ഒളിമ്പിക്സിന് പ്രാപ്തരാക്കാന്‍ കേരള ഒളിമ്പ്യന്‍ സപ്പോര്‍ട്ട് സ്‌കീം. സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ്, അസോസിയേഷനുകള്‍, രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ എന്നിവ ആസൂത്രണംചെയ്യുന്ന ടൂര്‍ണമെന്റുകളുടെ കായിക കലണ്ടര്‍ തയ്യാറാക്കും. കായികമേഖലയില്‍ ഫണ്ട് സ്വരൂപിക്കാന്‍ കായികവികസന നിധി രൂപവത്കരിക്കും. ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്‌ലിങ്, വാട്ടര്‍ റാഫ്റ്റിങ്, കനോയിങ്, കയാക്കിങ്, സെയിലിങ്, റോവിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കാന്‍ കേരള അഡ്വഞ്ചര്‍ സ്പോര്‍ട്‌സ് ഗെയിംസ് ആരംഭിക്കും. സെവന്‍സ്, വള്ളംകളി, വടംവലി, കളരിപ്പയറ്റ് എന്നിവ പ്രോത്സാഹിപ്പിച്ച് ടൂറിസം സാധ്യത വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.

kerala chief ministers trophy championship counsil of ministers