പതറാതെ ഗില്ലും ജുറെലും; ഇംഗ്ലണ്ടിനെതിരെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ, പരമ്പര സ്വന്തം

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം.

author-image
Athira
New Update
പതറാതെ ഗില്ലും ജുറെലും; ഇംഗ്ലണ്ടിനെതിരെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ,  പരമ്പര സ്വന്തം

 

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 എന്ന വിജയ ലക്ഷ്യം നാലാം ദിനം രണ്ടാം സെഷനില്‍ ഇന്ത്യ മറികടന്നു. ധ്രുവ് ജുറലിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും സ്ഥിരതയാര്‍ന്ന കൂട്ടുക്കെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നത്. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 84 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. വിജയത്തോടെ 3-1ന് മുന്നില്‍ എത്തിയ ഇന്ത്യ പരമ്പര സ്വന്തമാക്കി.

യശസ്വി ജയ്‌സ്വാള്‍ 44 പന്തില്‍ നിന്ന് 37 റണ്‍സ് എടുത്ത് പുറത്തായി. ജോ റൂട്ട് ആണ് ജയ്‌സ്വാളിനെ പുറത്താക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിയുമായി പുറത്തായി. രോഹിത് 81 പന്തില്‍ നിന്ന് 55 റണ്‍സ് എടുത്തു. 5 ഫോറും ഒരു സിക്‌സും രോഹിത് അടിച്ചു. ഹാര്‍ട്‌ലിയുടെ പന്തിലാണ് ക്യാപ്റ്റന്‍ പുറത്തായത്.

പിന്നാലെ റണ്‍ ഒന്നും എടുക്കാത്ത പടിദാറിനെ ബഷീറും പുറത്താക്കി. 4 റണ്‍സ് എടുത്ത ജഡേജയും റണ്‍ ഒന്നും എടുക്കാതെ സര്‍ഫറാസും തുടരെ തുടരെയുള്ള പന്തുകളില്‍ പുറത്തായി. രണ്ട് വിക്കറ്റുകളും ബഷീര്‍ ആണ് വീഴ്ത്തിയത്. ഇതോടെ ഇന്ത്യ 125-5 എന്ന നിലയിലായി. ഗില്ലും ജുറെലും പടുത്തുയര്‍ത്ത കൂട്ടുക്കെട്ടില്‍ സിംഗിള്‍സും ഡബിളും എടുത്ത് ബുദ്ധിപരമായി കളിച്ച് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു.

ഗില്‍ 124 പന്തില്‍ നിന്ന് 52 റണ്‍സ് എടുത്തും ജുറല്‍ 77 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്തും പുറത്താകാതെ നിന്നു. ഞായറാഴ്ച ഇംഗ്ലണ്ടിനെ 145ന് ഓളൗട്ട് ആക്കിയ ഇന്ത്യക്ക് വിജയിക്കാന്‍ 192 റണ്‍സ് ആയിരുന്നു ആവശ്യമുണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സും ഇന്ത്യ 307 റണ്‍സുമായിരുന്നു എടുത്തത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം തിരികെവന്നാണ് ഇന്ത്യ മികച്ച നിലയില്‍ എത്തിയത്.

 

 

 

 

 

sports news Latest News news updates