സഞ്ജുവിന്റെ ഏഷ്യൻ ഗെയിംസ് സാധ്യത എങ്ങനെ നഷ്ടമായി? കാരണം വ്യക്തമാക്കി മുൻ സെലക്ടർ

By Hiba .30 09 2023

imran-azhar


മുംബൈ:സഞ്ജു സാംസണെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉൾപ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കി മുൻ ഇന്ത്യന്‍ താരം സാബ കരീം. സഞ്ജു ഇന്ത്യൻ ടീമിന്റെ പ്ലാനുകളുടെ ഭാഗമായിരുന്നതുകൊണ്ടാണ് താരത്തെ ചൈനയിലേക്ക് അയക്കാത്തതെന്നു സാബ കരീം പ്രതികരിച്ചു.

 

‘‘ഏകദിന ലോകകപ്പിൽ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഫിറ്റല്ലെങ്കിൽ, അദ്ദേഹത്തിനു പകരക്കാരൻ സഞ്ജുവായിരുന്നു. പക്ഷേ ഇപ്പോൾ രാഹുൽ ഫിറ്റ്നസ് നേടിക്കഴിഞ്ഞു. അതുകൊണ്ടാണ് സഞ്ജു ടീമിനൊപ്പം ഇല്ലാത്തത്.’’– സാബ കരീം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

 

 

‘‘ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഗെയിംസിന് ഒരു മാസം മുൻപാണ് പ്രഖ്യാപിച്ചത്. അന്നു സഞ്ജുവിന് മെയിൻ ടീമിലേക്കു സിലക്ഷൻ ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു.

 

താരത്തെ ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കാതിരിക്കുന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ് സഞ്ജു സാംസൺ. ഭാവിയിൽ അദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.’’– സാബ കരീം പ്രതികരിച്ചു.

 

 

ഏകദിന ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ് ടീമുകളില്‍ സഞ്ജുവിന് ഇടമില്ലായിരുന്നു. ഏകദിന ക്രിക്കറ്റിൽ ബാറ്റിങ് മികവ് തെളിയിച്ചിട്ടും ബിസിസിഐ സഞ്ജുവിനെ മാറ്റിനിർത്തി.

 

 

ഏഷ്യാകപ്പിൽ റിസർവ് താരമായി സഞ്‍ജുവും ഇന്ത്യൻ ക്യാംപിലുണ്ടായിരുന്നു. എന്നാൽ കെ.എൽ. രാഹുൽ പരുക്കുമാറി ടീമിനൊപ്പം എത്തിയതോടെ സഞ്ജുവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

OTHER SECTIONS