/kalakaumudi/media/post_banners/f1f17af3fa9ac3ad41b273b706dfd4bd69453ddf1905e1e2deefe8b9c5983043.jpg)
മുംബൈ: പ്രഥമ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഈ മാസം 14 മുതല്‍ ആരംഭിക്കുകയാണ്. 2021 ജനുവരിയില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് കൊവിഡ് പരിഗണിച്ചാണ് 2023ലേക്ക് മാറ്റിയത്. ആകെ 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് ഈ മാസം 29ന് അവസാനിക്കും.
ഓപ്പണര്‍ ഷഫാലി വര്‍മയുടെ നേതൃത്വത്തില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തിയിരിക്കുന്നത്. ഷഫാലിക്കൊപ്പം ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും ടീമിലുണ്ട്. മലയാളി താരം നാജില സിഎംസി റിസര്‍വ് നിരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ നാജില ഗംഭീര പ്രകടനം കാഴ്ചവച്ചെങ്കിലും പ്രധാന ടീമില്‍ ഇല്ലാത്തതിനാല്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല.
നാലു ടീമുകള്‍ വീതമുള്ള ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനത്തെത്തുന്ന മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്‌സിലെത്തും. ആറു ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സൂപ്പര്‍ സിക്‌സില്‍ ഉള്ളത്. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ സെമിഫൈനലിലെത്തും. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, പാകിസ്താന്‍, റുവാണ്ട, സിംബാബ്വെ ടീമുകള്‍ കളിക്കും. ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ സി ഗ്രൂപ്പില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യ, സ്‌കോട്ട്‌ലന്‍ഡ് ദക്ഷിണാഫ്രിക്ക, യുഎഇ ടീമുകള്‍ ഗ്രൂപ്പ് ഡിയിലാണ്.
ജനുവരി 14ന് ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. 16ന് യുഎഇയെയും 18ന് സ്‌കോട്ട്‌ലന്‍ഡിനെയും ഇന്ത്യ നേരിടും.