/kalakaumudi/media/post_banners/87b1066b1dc15d931c0e81f3a39e619cf58942d72bfc29f9b4f5b94dffa7c470.jpg)
75കാരനായ മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം പരിശീലകന്‍ സ്വന്‍ ഗൊരാന്‍ എറിക്സന് കാന്‍സറാണെന്നും വെളിപ്പെടുത്തി. അദ്ദേഹം ഒരു വര്‍ഷം കൂടിയേ ജീവിക്കാന്‍ സാധ്യതയുള്ളുവെന്നും സ്വീഡിഷ് റേഡിയോ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'എനിക്ക് കഴിയുന്നിടത്തോളം ഞാന്‍ ചെറുത്തുനില്‍ക്കാന്‍ പോകുന്നു', എറിക്‌സന്‍ സ്വീഡിഷ് റേഡിയോ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ഞാന്‍ കാന്‍സര്‍ ബാധിതനാണ്. ഇനി കഴിയുന്നിടത്തോളം കാലം നന്നായി ജീവിക്കുക മാത്രമാണ് മുന്നില്‍. ഒരു പക്ഷേ ഒരു വര്‍ഷം, അല്ലെങ്കില്‍ അതിലും കുറവ്, അതുമല്ലെങ്കില്‍ അതിലും കൂടുതല്‍. ഡോക്ടര്‍മാര്‍ക്ക് പോലും ഇപ്പോള്‍ ഒരുറപ്പും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ തന്നെ എത്രകാലം ഇനിയുണ്ട് എന്നതൊന്നും ഞാന്‍ ആലോചിക്കുന്നില്ല. ഇതെല്ലാം ചിന്തിച്ച് നിര്‍ഭാഗ്യമെന്നു പഴിച്ച് ഇരിക്കാനോ ഇല്ല'- എറിക്സന്‍ വ്യക്തമാക്കി.
സ്വീഡന്‍കാരനായ എറിക്സന്‍ 2001 മുതല്‍ 2006 വരെ ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചു. ഇംഗ്ലണ്ടിനെ ദീര്‍ഘ കാലം പരിശീലിപ്പിച്ച വിദേശിയായ ആദ്യ കോച്ചെന്ന പെരുമയുമുണ്ട് എറിക്സന്. 2002, 2006 വര്‍ഷങ്ങളിലെ ലോകകപ്പില്‍ എറിക്സനാണ് പരിശീലകന്‍.
1977 ല്‍ ഡെഗര്‍ഫോഴ്‌സിനൊപ്പം എറിക്‌സണ്‍ തന്റെ മാനേജര്‍ ജീവിതം ആരംഭിച്ചത്. ബെന്‍ഫിക്ക, റോമ, ലാസിയോ, മാഞ്ചസ്റ്റര്‍ സിറ്റി, ലെയ്സ്റ്റര്‍ സിറ്റി, മെക്സിക്കോ, ഐവറി കോസ്റ്റ് അടക്കമുള്ള ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ലാസിയോക്കൊപ്പം സീരി എ കിരീടമുടക്കമുള്ള നേട്ടങ്ങളും അദ്ദേഹത്തിനുണ്ട്. നിരവധി മുന്‍നിര ടീമുകളെ പരിശീലിപ്പിച്ചതിന്റെ ചരിത്രമുള്ള എറിക്സന്‍ 2019 വരെ സജീവമായിരുന്നു.