By Lekshmi.02 02 2023
പാരീസ്: ഫ്രാന്‍സ് പ്രതിരോധതാരം റാഫേല്‍ വരാനെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു.ലോകകപ്പിലെ നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
2018ല്‍ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ഫ്രാന്‍സ് ടീമിലെ അംഗമായിരുന്നു വരാനെ.ലോകകപ്പില്‍ ഫ്രാന്‍സിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചു.2022-ഖത്തര്‍ ലോകകപ്പിലും താരം ബൂട്ടുകെട്ടി.ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സിനായില്ല.
ക്ലബ്ല് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധത്തിലെ നിര്‍ണായക സാന്നിധ്യമാണ് ഈ 29കാരന്‍.ഫ്രാന്‍സിനായി അണ്ടര്‍ 18, അണ്ടര്‍ 20, അണ്ടര്‍ 21 തലത്തില്‍ കളിച്ചാണ് വരാനെ ഫ്രാന്‍സ് സീനിയര്‍ ടീമിലേക്ക് കടന്നുവരുന്നത്.
2013-ല്‍ ജോര്‍ജിയക്കെതിരേ ലോകകപ്പ് യോഗ്യതമത്സരത്തിലാണ് രാജ്യത്തിനായുള്ള അരങ്ങേറ്റം.പിന്നീടങ്ങോട്ട് ഫ്രഞ്ച് പടയുടെ പ്രതിരോധക്കോട്ടയില്‍ വരാനെ ഉറച്ചുനിന്നു.2016-ലെ യൂറോ കപ്പില്‍ പരിക്ക് മൂലം താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.എന്നാല്‍ 2018-ലെ ലോകകപ്പ് ടീമില്‍ താരം ഇടംപിടിച്ചു.