/kalakaumudi/media/post_banners/9e7545923d220c934f984c15a0cd626f89204a949a77253e7d7ae8d7a5e0d836.jpg)
ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഏകദിന ലോകകപ്പിന് വ്യാഴാഴ്ച തുടക്കം.ഇന്ത്യ പൂര്‍ണമായും ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ലോകകപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും.
2019 ലോകകപ്പിലെ കലാശപ്പോരാട്ടത്തിന്റെ തനിയാവര്‍ത്തനമെന്നോണമായിരിക്കും 2023 ലോകകപ്പിലെ ആദ്യ മത്സരം.ഇന്ത്യയിലെ പത്ത് നഗരങ്ങളിലായാണ് ലോകകപ്പിന്റെ 13-ാം പതിപ്പിലെ മത്സരങ്ങള്‍ നടക്കുന്നത്.
ആതിഥേയ രാജ്യമെന്ന നിലയില്‍ ഒന്നാം റാങ്കുകാരായ ഇന്ത്യ തന്നെയാണ് ഇത്തവണത്തെ ലോകകപ്പ് ഫേവറിറ്റുകള്‍. 1983ലെയും 2011ലെയും ചരിത്രം ആവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമായിട്ട് തന്നെയായിരിക്കും 'മെന്‍ ഇന്‍ ബ്ലൂ' സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ലോകകപ്പിനെ കാണുന്നത്.
പത്ത് ടീമുകളാണ് ഇത്തവണ ലോകകിരീടം നേടാന്‍ ഇന്ത്യന്‍ മണ്ണില്‍ പോരാട്ടത്തിനെത്തുന്നത്.46 ദിനരാത്രങ്ങളിലായി നടക്കുന്ന 48 മത്സരങ്ങളില്‍ പത്ത് രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടും. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
14നാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം. നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍. നവംബര്‍ 19ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ലോകക്രിക്കറ്റിലെ രാജാക്കന്മാര്‍ ആരെന്ന് വിധിയെഴുതുന്നതോടെ ഇത്തവണത്തെ ഏകദിന ലോകകപ്പിന് കൊട്ടികലാശമാകും.