/kalakaumudi/media/post_banners/7ad44a6819312c3ce45b2d0a8e815ffbca5df0881ffe3a545825eb80012decc4.jpg)
കൊല്‍ക്കത്ത: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. അവസാന ഏകദിനം ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
103 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കെഎല്‍ രാഹുലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണ്ണായകമായത്. 16 ഓവറില്‍ നാല് വിക്കറ്റിന് 86 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ഒന്നിച്ച് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 75 റണ്‍സാണ് ഇന്ത്യക്ക് മികച്ച അടിത്തറ നല്‍കിയത്. പാണ്ഡ്യ 36 റണ്‍സ് നേടി. ഹാര്‍ദിക്കിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് കരുണരത്‌നെ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും അക്‌സര്‍ പട്ടേല്‍ 21 റണ്‍സ് നേടി രാഹുലിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ അക്‌സര്‍ പട്ടേല്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും രാഹുല്‍ ഒരറ്റത്ത് ഉറച്ചുനിന്നതോടെ ജയം ഇന്ത്യക്കൊപ്പം നിന്നു. കുല്‍ദീപ് യാദവ് പത്തു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
രോഹിത് ശര്‍മ 17 റണ്‍സ്, ശുഭ്മാന്‍ ഗില്‍ 21, വിരാട് കോലി 4, ശ്രേയസ് അയ്യര്‍ 28 റണ്‍സെടുത്ത് പുറത്തായി. ലാഹിരു കുമാര, കരുണരത്‌നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആത്മവിശ്വാസത്തോടെയാണ് രോഹിത് തുടങ്ങിയത്. രണ്ട് ഫോറും ഒരു സിക്സും രോഹിത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. എന്നാല്‍ ചാമിക കരുണരത്നെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. ഗില്ലും മനോഹരമായിട്ടാണ് തുടങ്ങിയത്. അഞ്ച് ബൗണ്ടറികള്‍ ഇന്നിംഗ്സിലുണ്ടായിരുന്നു. എന്നാല്‍ കുമാരയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കവെ അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച്. കോലി, കുമാരയുടെ പന്തില്‍ ബൗള്‍ഡായി. ശ്രേയസ് കശുന്‍ രജിതയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സെടുത്ത നുവാനിഡു ഫെര്‍ണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് മൂന്ന് വീതം വിക്കറ്റെടുത്തു. ഉമ്രാന്‍ മാലിക്ക് രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ഫീല്‍ഡിംഗിനിറങ്ങിയ ഇന്ത്യ കുല്‍ദീപ് അടക്കമുള്ള ബൗളര്‍മാരുടെ മികവില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. ആറാം ഓവറില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയെ വീഴ്ത്തി ആദ്യ പ്രഹരം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. 17 പന്തില്‍ 20 റണ്‍സെടുത്ത ആവിഷ്‌കയെ മുഹമ്മദ് സിറാജാണ് വീഴ്ത്തിയത്. പുതുതായി ടീമില്‍ ഇടം നേടിയ നുവാനിഡു ഫെര്‍ണാണ്ടോയാണ് ആവിഷ്‌കക്കൊപ്പം ഓപ്പണിംഗിനിറങ്ങിയത്. ആദ്യവിക്കറ്റില്‍ ഇരുവരും 29 റണ്‍സാണ് ചേര്‍ത്തത്.
തുടര്‍ന്നിറങ്ങിയ കുശാല്‍ മെന്‍ഡിസ് നുവാനിഡുവിനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും മെന്‍ഡിസിന്റെ പുറത്താകല്‍ ലങ്കയുടെ തുടര്‍ വിക്കറ്റുകള്‍ വീഴുന്നതിലേക്ക് നയിച്ചു. 17ാം ഓവറിലായിരുന്നു കുല്‍ദീപ് യാദവ് മെന്‍ഡിസിനെ പറഞ്ഞയച്ചത്. തൊട്ടടുത്ത ഓവറില്‍ ധനഞ്ജയ ഡിസില്‍വയെ അക്‌സര്‍ പട്ടേല്‍ പറഞ്ഞയച്ചതോടെ ലങ്ക സമ്മര്‍ദ്ദത്തിലായി. അരങ്ങേറ്റം ഗംഭീരമാക്കി അര്‍ദ്ധ സെഞ്ചുറി നേടിയ നുവാനിഡുവിനെ ശുഭ്മാന്‍ ഗില്‍ റണ്ണൗട്ടാക്കി. തുടര്‍ന്നിറങ്ങിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെ രണ്ട് റണ്ണിന് കുല്‍ദീപ് പുറത്താക്കി. 15 റണ്‍സെടുത്ത ചരിത് അസലന്‍കയും നേരെ കുല്‍ദീപിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ലങ്ക അതീവ സമ്മര്‍ദ്ദത്തിലായി. 32 റണ്‍സെടുത്ത ദുനിത് വെല്ലാലഗെ ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. വാലറ്റക്കാരായി ഇറങ്ങിയ ചാമികയും കസുന്‍ രജിയതയും 17 റണ്‍സെടുത്ത് ലങ്കന്‍ സ്‌കോര്‍ 200 കടത്തി.
Rahul seals chase after Kuldeep spins through Sri Lanka