കോഹ്‌ലിക്ക് 73ാം സെഞ്ചുറി: ലങ്കക്ക് മുന്നില്‍ റണ്‍മല ഉയര്‍ത്തി ഇന്ത്യ

കോഹ്‌ലിയുടെ 73ാം സെഞ്ചുറിയുടെയും രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറികളുടെയും പിന്‍ബലത്തില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തു.

author-image
Shyma Mohan
New Update
കോഹ്‌ലിക്ക് 73ാം സെഞ്ചുറി: ലങ്കക്ക് മുന്നില്‍ റണ്‍മല ഉയര്‍ത്തി ഇന്ത്യ

ഗുവാഹത്തി: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. കോഹ്‌ലിയുടെ 73ാം സെഞ്ചുറിയുടെയും രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറികളുടെയും പിന്‍ബലത്തില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തു.

113 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 143 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 19.4 ഓവറില്‍ ഷനാകയാണ് ഗില്ലിനെ എല്‍ബിയില്‍ കുരുക്കി കൂട്ടുകെട്ട് ഭേദിച്ചത്. സ്‌കോര്‍ 173ല്‍ നില്‍ക്കെ മധുഷനക രോഹിത് ശര്‍മ്മയെ പുറത്താക്കി. 67 പന്തില്‍ 83 റണ്‍സായിരുന്നു രോഹിത് ശര്‍മ്മ അടിച്ചെടുത്തത്. മൂന്ന് സിക്‌സറുകളും ഒമ്പതു ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു നായകന്റെ ഇന്നിംഗ്‌സ്. ഗില്‍ 60 പന്തില്‍ 70 റണ്‍സ് നേടി. 11 ബൗണ്ടറികളായിരുന്നു ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

സെഞ്ചുറി നേട്ടത്തോടെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ കോഹ്‌ലി മറികടന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്‍ഡും ഒരു ടീമിനെതിരെ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന റെക്കോര്‍ഡും കോഹ്‌ലിക്ക് മുന്നില്‍ വഴിമാറി. ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി കോഹ്‌ലി. 19 സെഞ്ചുറികളായിരുന്നു കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നത്. ഇന്ത്യയില്‍ കളിച്ച 101 ഏകദിനങ്ങളില്‍ നിന്നായിരുന്നു കോഹ്‌ലി 19 സെഞ്ചുറികള്‍ നേടിയിരുന്നത്. 164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 സെഞ്ചുറികള്‍ സ്വന്താക്കിയത്.

സച്ചിന്റെ തന്നെ മറ്റൊരു റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചു. ഒരു ടീമിനെതിരെ ഏറ്റവുമധികം ഏകദിന സെഞ്ചുറി എന്ന റെക്കോര്‍ഡ്. നിലവില്‍ സച്ചിനൊപ്പം ശ്രീലങ്കക്കെതിരെ എട്ടുസെഞ്ചുറി എന്ന റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കിംഗ് കോഹ്‌ലി. ഗുവാഹത്തിയിലെ സെഞ്ചുറിയോടെ ഒമ്പതു സെഞ്ചുറിയുമായി സച്ചിനെ പിന്തള്ളി. ശ്രീലങ്കക്കെതിരെ കളിച്ച 84 മത്സരങ്ങളില്‍ സച്ചിന്‍ 3113 റണ്‍സ് നേടിയപ്പോള്‍ കോഹ്‌ലി 48 മത്സരങ്ങളില്‍ നിന്ന് 2333 റണ്‍സാണ് നേടിയിട്ടുണ്ട്.

india vs Sri Lanka Ist ODI