വിശാഖപട്ടത്ത് വിക്കറ്റ് മഴ: ഇന്ത്യ 117 റണ്‍സിന് പുറത്ത്

By Priya.19 03 2023

imran-azhar

 

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ വിശാഖപട്ടണത്ത് കളിക്കാറങ്ങിയ ഇന്ത്യ 117 റണ്‍സിന് പുറത്തായി.

 

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക് തുണയായത്.35 പന്തില്‍ 31 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.കഷ്ടിച്ചാണ് ഇന്ത്യ 100 പിന്നിട്ടത്.

 

സ്റ്റാര്‍ക്ക് അഞ്ചും സീന്‍ ആബട്ട് മൂന്നു വിക്കറ്റുകളും വീഴ്ത്തി. ഓസ്‌ട്രേലിയയ്ക്ക് 118 റണ്‍സ് വിജയലക്ഷ്യം.മൂന്ന് റണ്‍സെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

 

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ മാര്‍നസ് ലബുഷെയ്ന്‍ ക്യാച്ചെടുത്താണ് ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയത്. രണ്ടു പന്തുകള്‍ നേരിട്ട ഗില്‍ പൂജ്യത്തിനു പുറത്താകുകയായിരുന്നു.

 

രോഹിത് ശര്‍മയെ കൂട്ടുപിടിച്ച് വിരാട് കോലി സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം 32 റണ്‍സ് വരെ മാത്രമേ നീണ്ടുള്ളൂ. 15 പന്തില്‍ 13 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെ സ്റ്റാര്‍ക് പുറത്താക്കി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രോഹിത്തിനെ പുറത്താക്കി.

 

കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചറി നേടിയ കെ.എല്‍. രാഹുലിനും തിളങ്ങാന്‍ കഴിഞ്ഞില്ല. 12 പന്തില്‍ 9 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കിയതും മിച്ചല്‍ സ്റ്റാര്‍ക്കാണ്.

 

സീന്‍ ആബട്ടിന്റെ പന്തില്‍ സ്മിത്തിന്റെ ക്യാച്ചിലാണു പാണ്ഡ്യയുടെ മടക്കം.രവീന്ദ്ര ജഡേജയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ക്യാച്ചെടുത്തു പുറത്താക്കി.

 

കുല്‍ദീപ് യാദവിന്റെയും മുഹമ്മദ് ഷമിയുടേയും വിക്കറ്റ് സീന്‍ ആബട്ടിനാണ്. മുഹമ്മദ് സിറാജിനെ ബോള്‍ഡാക്കി സ്റ്റാര്‍ക്ക് വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്തി.

 

മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി രണ്ടു തവണ സിക്‌സ് പറത്തിയ അക്‌സര്‍ പട്ടേല്‍ 29 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെനിന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

 

ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

 

ഓസ്‌ട്രേലിയ ടീം ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, മാര്‍കസ് സ്റ്റോയ്‌നിസ്, സീന്‍ ആബട്ട്, നേഥന്‍ എലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.

OTHER SECTIONS