ഓസീസ് കളംനിറഞ്ഞാടി; ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി

By Web Desk.19 03 2023

imran-azhar

 


വിശാഖപട്ടണം: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ വിജയം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഓസീസ് താരങ്ങള്‍ മത്സരത്തില്‍ നിറഞ്ഞാടി. പത്തു വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം.

 

ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യത്തില്‍ 11 ഓവറില്‍ വിക്കറ്റുപോകാതെ ഓസ്‌ട്രേലിയ എത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 11 എന്ന നിലയിലായി. 23ന് ചെന്നൈയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ വിജയിക്കുന്നവര്‍ക്കു പരമ്പര സ്വന്തമാക്കാം.

 

ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ വിശാഖപട്ടണത്തെ ഗ്രൗണ്ടില്‍ അനായാസമായിരുന്നു ഓസ്‌ട്രേലിയയുടെ മറുപടി ബാറ്റിങ്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചറി നേടി. ഹെഡ് 30 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ 66 റണ്‍സ് നേടി. ആറ് സിക്‌സുകളാണ് ഗാലറിയിലേക്കു മിച്ചല്‍ മാര്‍ഷ് അടിച്ചുവിട്ടത്. ഇന്ത്യ ആകെ അടിച്ചത് രണ്ടു സിക്‌സുകള്‍ മാത്രം, ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ വകയായിരുന്നു അത്.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 117 റണ്‍സാണു നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ സ്വന്തം നാട്ടില്‍ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 35 പന്തില്‍ 31 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും സീന്‍ ആബട്ടും തകര്‍ത്തെറിഞ്ഞപ്പോള്‍ കഷ്ടിച്ചാണ് ഇന്ത്യ 100 പിന്നിട്ടത്. സ്റ്റാര്‍ക്ക് അഞ്ചും സീന്‍ ആബട്ട് മൂന്നു വിക്കറ്റുകളും വീഴ്ത്തി.

 

 

 

OTHER SECTIONS