രണ്ടാം ദിനം ഓസീസിന്റെ തിരിച്ചടി; ഇന്ത്യയ്‌ക്കെതിരെ 62 റണ്‍സിന്റെ ലീഡ്

ഡല്‍ഹി ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യയ്‌ക്കെതിരേ ഓസീസിന്റെ തിരിച്ചടി.ഇന്ന് കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61റണ്‍സെടുത്തു

author-image
Lekshmi
New Update
രണ്ടാം ദിനം ഓസീസിന്റെ തിരിച്ചടി; ഇന്ത്യയ്‌ക്കെതിരെ 62 റണ്‍സിന്റെ ലീഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യയ്‌ക്കെതിരേ ഓസീസിന്റെ തിരിച്ചടി.ഇന്ന് കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61റണ്‍സെടുത്തു.ഓസീസിന് നിലവില്‍ 62റണ്‍സിന്റെ ലീഡുണ്ട്.39റണ്‍സെടുത്ത ട്രാവിസ് ഹെഡും 16റണ്‍സെടുത്ത മാര്‍നസ് ലബുഷെയിനുമാണ് ക്രീസിലുള്ളത്.

ആറ് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.ഖവാജയെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.ഇന്ത്യ 262 റണ്‍സിന് ഓള്‍ ഔട്ടായതോടെ ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് ഒരു റണ്ണിന്റെ ലീഡുണ്ടായിരുന്നു.ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ അക്ഷര്‍ പട്ടേലിന്റേയും അശ്വിന്റേയും കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

അക്ഷര്‍ പട്ടേല്‍ 74റണ്‍സെടുത്ത് ടോപ്പ് സ്‌കോററായി. അശ്വിന്‍ 37 റണ്‍സെടുത്തു.അഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നേതന്‍ ലയണാണ് ഇന്ത്യയുടെ മുന്‍നിര തകര്‍ത്തത്.വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ 46ല്‍ എത്തിയപ്പോള്‍ കെ.എല്‍ രാഹുലിനെ (17) നഷ്ടമായി.

ലയണിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ നിലയുറപ്പിച്ച ക്യാപ്റ്റന്‍ രോഹിത്തിനെ (32) ലയണ്‍ ബൗള്‍ഡാക്കി. 100-ാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പുജാരയുടെ ഊഴമായിരുന്നു അടുത്തത്.100-ാം ടെസ്റ്റില്‍ അക്കൗണ്ട് തുറക്കാനാകാതെ പുജാര വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.

സ്പിന്നിനെ നന്നായി കളിക്കുന്ന ശ്രേയസ് അയ്യരെ (4) ലയണിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് മികച്ചൊരു ക്യാച്ചില്‍ പുറത്താക്കുകയായിരുന്നു.ഇതോടെ ഇന്ത്യ നാലിന് 66 റണ്‍സെന്ന നിലയിലായി.എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി - രവീന്ദ്ര ജഡേജ സഖ്യം 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സ്‌കോര്‍ 100 കടത്തി.26 റണ്‍സെടുത്ത ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ടോഡ് മര്‍ഫിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ വിരാട് കോലിയെ മാത്യു കുനെമാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.44 റണ്‍സെടുത്ത കോലിയാണ് ഇന്ത്യന്‍ നിരയില്‍ നിലവിലെ ടോപ് സ്‌കോറര്‍.ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരേ കോലി റിവ്യൂ എടുത്തെങ്കിലും ടിവി അമ്പയറും ഔട്ട് വിധിക്കുകയായിരുന്നു.സംശയത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നിട്ടും കോലിയെ പുറത്താക്കിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ രോഷമുയരുകയും ചെയ്തു.

india australia