ഫൈനല്‍ പോരാട്ടം; ഒന്നാം ദിനം ഓസീസിന് സമ്പൂര്‍ണ മേധാവിത്വം, ഇന്ത്യ പരുങ്ങലില്‍

By web desk.08 06 2023

imran-azhar

 

ലണ്ടന്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ഒന്നാം ദിനം ഓസീസിനു സമ്പൂര്‍ണ മേധാവിത്വം. ആദ്യ ദിവസത്തില്‍ കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലാണ്.

 

സെഞ്ചറിയുമായി ആറാം റാങ്കുകാരന്‍ ട്രാവിസ് ഹെഡ് (156 പന്തില്‍ 146*), അര്‍ധസെഞ്ചറിയുമായി മൂന്നാം റാങ്കുകാരന്‍ സ്റ്റീവ് സ്മിത്ത് (227 പന്തില്‍ 95*) എന്നിവരാണ് ക്രീസില്‍.

 

നാലാം വിക്കറ്റില്‍ സ്മിത്ത് ഹെഡ് സഖ്യം ഇതുവരെ 251 റണ്‍സ് എടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് രണ്ടു റണ്ണെടുത്ത് നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്.

 

10 പന്തുകള്‍ നേരിട്ട ഉസ്മാന്‍ ഖവാജ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌ന്റെയും ചെറുത്തുനില്‍പാണു പിന്നീട് ഓസീസിനെ തുണച്ചത്.


60 പന്തുകളില്‍ ഡേവിഡ് വാര്‍ണര്‍ 43 റണ്‍സെടുത്തു. അധികം വൈകാതെ മാര്‍നസ് ലബുഷെയ്‌നെ (62 പന്തില്‍ 26) ഷമിയും പുറത്താക്കി.ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു.

 

നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ടീമിലെടുത്താണ് ടീം ഇന്ത്യ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബോളര്‍ ആര്‍. അശ്വിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണു സ്പിന്‍ ബോളറായി ടീമിലുള്ളത്.

 

ഇഷാന്‍ കിഷനും ഫൈനല്‍ പോരാട്ടത്തില്‍ കളിക്കില്ല. ശ്രീകര്‍ ഭരത്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാര്‍ദൂല്‍ ഠാക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍. പരുക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടിനെ ഓസ്‌ട്രേലിയ പ്ലേയിങ് ഇലവനിലെടുത്തു.

 

പ്ലേയിങ് ഇലവന്‍

 

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാര്‍ദൂല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്

 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട്.

 

 

 

OTHER SECTIONS