/kalakaumudi/media/post_banners/7e5b7c167e2d831cc6cdbe875d42043cdac775968179e555b4aa93bef2149323.jpg)
വിശാഖപട്ടണം: ടെസ്റ്റ് ക്രക്കറ്റിലെ രണ്ടാം ദിനം ഇരട്ട സെഞ്ച്വറി നേടി ജയ്‌സ്വാള്‍. സെഞ്ച്വറിയ്ക്ക് പിന്നാലെ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്തയുടെ യുവ ബാറ്റര്‍ യശ്വസി ജയ്‌സ്വാള്‍. ഇന്ത്യയ്ക്കായുള്ള ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് യശസ്വി.
മുന്‍ ഇന്ത്യന്‍ താരങ്ങളായ വിനോദ് കാംബ്ലിയും സുനില്‍ ഗാവസ്‌കറുമാണ് മുന്‍പ് ചെറുപ്രായത്തില്‍ ഡബിള്‍ സെഞ്ചറിയിലെത്തിയ താരങ്ങള്‍. വിനോദ് കാംബ്ലിക്ക് 21 വയസ്സും 32 ദിവസവും ഗാവസ്‌കറിന് 21 വയസ്സും 277 ദിവസവുമായിരുന്നു ഡബിള്‍ സെഞ്ചറി നേടുമ്പോഴത്തെ പ്രായം. ഇംഗ്ലണ്ടിനെതിരെയായി ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുമ്പോള്‍ യശസ്വി ജയ്‌സ്വാളിന് 22 വയസ്സാണു പ്രായം. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്.
ഡബിള്‍ സെഞ്ചറി നേടുമ്പോള്‍ മിയാന്‍ദാദിന് പ്രായം 19 വയസ്സും 140 ദിവസവുമായിരുന്നു. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ (2023-25) ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിലും ജയ്‌സ്വാള്‍ മുന്നിലുണ്ട്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 179 റണ്‍സുമായി പുറത്താകാതെ നിന്ന ജയ്‌സ്വാള്‍ രണ്ടാം ദിവസം ഡബിള്‍ സെഞ്ചറിയിലെത്തുകയായിരുന്നു.
277 പന്തുകളില്‍നിന്നാണ് യശസ്വി ഡബിള്‍ സെഞ്ചറി തികച്ചത്. 290 പന്തുകളില്‍നിന്ന് 209 റണ്‍സെടുത്ത് താരം പുറത്തായി. ജയ്‌സ്വാളിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ വിരാട് കോലി, മയാങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ എന്നിവര്‍ക്കു ശേഷം ഡബിള്‍ സെഞ്ചറി തികയ്ക്കുന്ന നാലാമത്തെ താരമാണു യശസ്വി. 22 വയസ്സുകാരനായ താരം നേരത്തേ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയിലും ഡബിള്‍ സെഞ്ചറി അടിച്ചിട്ടുണ്ട്.