5-ാം ട്വന്റി20; വിന്‍ഡീസിന് 8 വിക്കറ്റ് ജയം, ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

7 വര്‍ഷത്തിനു ശേഷം ഇന്ത്യയ്‌ക്കെതിരെ ഒരു ട്വന്റി20 പരമ്പരയെന്ന വിന്‍ഡീസ് മോഹം ഫ്‌ലോറിഡയിലെ ലോഡര്‍ഹില്‍ സ്റ്റേഡിയത്തില്‍ സഫലമായി.

author-image
Greeshma Rakesh
New Update
5-ാം ട്വന്റി20; വിന്‍ഡീസിന് 8 വിക്കറ്റ് ജയം, ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

 

ലോഡര്‍ഹില്‍ (ഫ്‌ലോറിഡ): 5ാം മത്സരവും ട്വന്റി20 പരമ്പരയും സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കൊപ്പം ട്വന്റി20 പരമ്പരയും സ്വന്തമാക്കാമെന്ന ടീം ഇന്ത്യയുടെ ആഗ്രഹത്തിനു മേല്‍ ബ്രണ്ടന്‍ കിങ്ങും (55 പന്തില്‍ 85 നോട്ടൗട്ട് ) നിക്കൊളാസ് പുരാനും (35 പന്തില്‍ 47) തകര്‍ത്തതോടെ 7 വര്‍ഷത്തിനു ശേഷം ഇന്ത്യയ്‌ക്കെതിരെ ഒരു ട്വന്റി20 പരമ്പരയെന്ന വിന്‍ഡീസ് മോഹം ഫ്‌ലോറിഡയിലെ ലോഡര്‍ഹില്‍ സ്റ്റേഡിയത്തില്‍ സഫലമായി.

8 വിക്കറ്റിനാണ് 5-ാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസ് ജയം. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 9ന് 165. വെസ്റ്റിന്‍ഡീസ് 18 ഓവറില്‍ 2ന് 171. 4 വിക്കറ്റ് വീഴ്ത്തിയ റൊമാരിയോ ഷെപ്പേഡാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. നിക്കൊളാസ് പുരാനാണ് പരമ്പരയുടെ താരം.

 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വിന്‍ഡീസ് സ്പിന്നര്‍ അകീല്‍ ഹുസൈന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (5) നഷ്ടമായി. പിന്നീടി മൂന്നാം ഓവറില്‍ ശുഭ്മന്‍ ഗില്ലിനെയും (9) അകീല്‍ മടക്കിയതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടുകെട്ടുമായി തിലക് വര്‍മ (18 പന്തില്‍ 27), സൂര്യകുമാര്‍ യാദവ് (44 പന്തില്‍ 61) സഖ്യം വലിയ പരുക്കുകളില്ലാതെ ഇന്ത്യന്‍ ഇന്നിങ്‌സ് കൂട്ടി.

എട്ടാം ഓവറിലെ അവസാന പന്തില്‍ ഉജ്വലമായ ഒരു റിട്ടേണ്‍ ക്യാച്ചിലൂടെ തിലകിനെ മടക്കിയ റോസ്ടന്‍ ചേസ് വിന്‍ഡീസിനെ വീണ്ടും മുന്നിലാക്കി. അഞ്ചാമനായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ (9 പന്തില്‍ 13) മാത്രം നേടിയതോടെ വീണ്ടും ഇന്ത്യ പ്രതിരോധത്തിലായി.

മറുപടി ബാറ്റിങ്ങില്‍ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കൈല്‍ മെയേഴ്‌സിനെ (5 പന്തില്‍ 10) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടുകെട്ടുമായി ബ്രണ്ടന്‍ കിങ്- നിക്കൊളാസ് പുരാന്‍ സഖ്യം വിന്‍ഡീസിനെ വിജയത്തിലേക്കു നയിച്ചു. 5 ഫോറും 6 സിക്‌സും അടങ്ങുന്നതാണ് കിങ്ങിന്റെ ഇന്നിങ്‌സ്. പുരാന്‍ ഒരു ഫോറും 4 സിക്‌സും നേടി.

cricket sports news 5th T20 India vs West Indies