രണ്ടാം ട്വന്റി20 ഞായറാഴ്ച; പകരം വീട്ടാന്‍ ഇന്ത്യ, ആത്മവിശ്വാസത്തില്‍ വെസ്റ്റിന്‍ഡീസ്

ഞായറാഴ്ച രാത്രി 8ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം ഡിഡി സ്‌പോര്‍ട്‌സിലും ഫാന്‍ കോഡ് ആപ്പിലും തത്സമയം കാണാം.

author-image
Greeshma Rakesh
New Update
രണ്ടാം ട്വന്റി20 ഞായറാഴ്ച; പകരം വീട്ടാന്‍ ഇന്ത്യ, ആത്മവിശ്വാസത്തില്‍ വെസ്റ്റിന്‍ഡീസ്

 

ഗയാന: ഒന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെതിരായ തോല്‍വിക്കു പകരംവീട്ടാനൊരുങ്ങി ടീം ഇന്ത്യ. ഞായറാഴ്ച രാത്രി 8ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം ഡിഡി സ്‌പോര്‍ട്‌സിലും ഫാന്‍ കോഡ് ആപ്പിലും തത്സമയം കാണാം. അതെസമയം 5 മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലാണ്.

 

ആദ്യ ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെതിരായ കളിയില്‍ 150 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ജയിക്കാന്‍ സാധിക്കാത്തതിന്റെ ഞെട്ടലില്‍ നിന്ന് ടീം ഇന്ത്യ ഇതുവരേയും മുക്തരായിട്ടില്ല. ബോളിങ് നിരയുടെ പ്രകടനം ഭേദപ്പെട്ടതായിരുന്നെങ്കിലും ബാറ്റിങ് നിരയ്ക്ക് മെച്ചപ്പെട്ട പ്രകടനത്തിന് സാധിക്കാത്തത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി.അതെസമയം ആദ്യ മത്സരം ജയിച്ച് ട്വന്റി20 പരമ്പരയില്‍ മുന്നിലെത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ് ടീം ഇറങ്ങുന്നത്.

ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍, നിക്കോളാസ് പുരാന്‍, കൈല്‍ മെയേഴ്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയ ട്വന്റി20 സ്‌പെഷലിസ്റ്റുകളാണ് ടീമിന്റെ ശക്തി.മാത്രമല്ല ആദ്യ മത്സരത്തില്‍ 149 റണ്‍സില്‍ ഒതുങ്ങിയിട്ടും കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയോട് 4 റണ്‍സ് ജയം പിടിച്ചെടുക്കാന്‍ സഹായിച്ചത് ബോളര്‍മാരുടെ മികച്ച പ്രകടനംകൊണ്ടായിരുന്നു. ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേഡ്, ജയ്‌സന്‍ ഹോള്‍ഡര്‍ എന്നിവരടങ്ങുന്ന ബോളിങ് നിര വിന്‍ഡീസിനെ അപകടകാരികളാക്കുന്നു.

ഒന്നാം ട്വന്റി20യിലൂടെ രാജ്യാന്തര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച യുവതാരം തിലക് വര്‍മയുടെ പ്രകടനം ടീമിനു ആത്മവിശ്വാസം നല്‍കുന്നു. അതെസമയം ട്വന്റി20 സ്‌പെഷലിസ്റ്റ് സൂര്യകുമാര്‍ യാദവിന്റെ ഫോമും വാലറ്റത്തിന്റെ പ്രകടനവും ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

ടീമിന്റെ ബാറ്റിങ് ശക്തിപ്പെടുത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ യുവതാരം യശസ്വി ജയ്‌സ്വാളിന് രണ്ടാംട്വന്റിയില്‍ അവസരം ലഭിച്ചേക്കും.തുടക്കത്തില്‍ പേസ് ബോളര്‍മാര്‍ക്ക് സഹായം ലഭിക്കുന്ന പിച്ചാണ് പ്രോവിഡന്‍സ് സ്റ്റേഡിയത്തിലേത്. എന്നാല്‍ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാകും.

Second Twenty20 Match cricket India vs West Indies