ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം മഴ മുടക്കി; ഇന്ത്യയ്ക്ക് പരമ്പര

പൂര്‍ണമായി മഴ മുടക്കിയതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായി.

author-image
Lekshmi
New Update
ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം മഴ മുടക്കി; ഇന്ത്യയ്ക്ക് പരമ്പര

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: പൂര്‍ണമായി മഴ മുടക്കിയതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്ന നിലയിലായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര 1–0നു സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 27നു തുടങ്ങും.

നാലാം ദിനം അവസാന സെഷനില്‍ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (28), കിര്‍ക് മക്കന്‍സി (0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായത്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് രണ്ടു വിക്കറ്റും. ബ്രാത്വെയ്റ്റിനെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ജയ്‌ദേവ് ഉനദ്കട്ടിന്റെ കയ്യിലെത്തിച്ച അശ്വിന്‍ മക്കന്‍സിയെ വിക്കറ്റിനു മുന്നില്‍ കുരുക്കി.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച പാകിസ്താനാണ് 100 പോയന്റ് ശരാശരിയുമായി ഒന്നാമത്. 54.17 ശരാശരിയുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും 29.17 ശരാശരിയുമായി ഇംഗ്ലണ്ട് നാലാമതുമാണ്. 16.67 ശരാശരിയുമായി വിന്‍ഡീസാണ് നിലവില്‍ അഞ്ചാമത്. ഇന്ത്യയ്ക്ക് ഇനി ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും രണ്ട് വിദേശ പര്യടനങ്ങളുണ്ട്. ഇംഗ്ലണ്ടിനെതിരേ നാട്ടിലും പരമ്പര നടക്കും.

india rain West Indies test match