മുംബൈ: വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ആദ്യ വിജയം കൊയ്ത് ഇന്ത്യ. മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 347 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്വന്തം നാട്ടിലെ തട്ടകത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. വനിതാ ടെസ്റ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണ് മുംബൈയില്‍ ഇന്ത്യ സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്‌സില്‍ വിജയ ലക്ഷ്യമായ 479 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 131 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 6ന് 186 എന്ന നിലയിലായിരുന്നു. ആകെ ലീഡ് 478 റണ്‍സ്. മൂന്നാം ദിനം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു.
20 പന്തില്‍ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ നാലും പൂജ വസ്ത്രകാര്‍ മൂന്നും വിക്കറ്റുകളുമായി കളം നിറഞ്ഞപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 27.3 ഓവറുകള്‍ പിടിച്ചുനില്‍ക്കാന്‍ മാത്രമാണ് ഇംഗ്ലണ്ടിനു സാധിച്ചത്. രാജേശ്വരി ഗെയ്ക്വാദ് രണ്ടു വിക്കറ്റുകളും രേണുക സിങ് ഒരു വിക്കറ്റും നേടി.
രണ്ട് ഇന്നിങ്‌സുകളിലുമായി ഒന്‍പതു വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മയാണു കളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ ദീപ്തി അഞ്ചു വിക്കറ്റുകള്‍ നേടിയിരുന്നു. 292 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 428 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ഇംഗ്ലണ്ട് 136 റണ്‍സിനു പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 67 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെനിന്നു.