ഇന്ത്യന്‍ വനിതകള്‍ക്ക് നിരാശ; ഓസ്‌ട്രേലിയയ്ക്ക് ആറു വിക്കറ്റ് ജയം

ടി 20 പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തിരിച്ചടി. ഓസ്ട്രേലിയ ആറുവിക്കറ്റ് ജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ 1-1 സമനിലയിലായി

author-image
Web Desk
New Update
ഇന്ത്യന്‍ വനിതകള്‍ക്ക് നിരാശ; ഓസ്‌ട്രേലിയയ്ക്ക് ആറു വിക്കറ്റ് ജയം

മുംബൈ: ടി 20 പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തിരിച്ചടി. ഓസ്ട്രേലിയ ആറുവിക്കറ്റ് ജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ 1-1 സമനിലയിലായി.

ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 130 റണ്‍സ് ഓസ്ട്രേലിയ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.

21 പന്തില്‍ 34 റണ്‍സുമായി എലിസ് പെരിയും 12 പന്തില്‍ 18 റണ്‍സുമായി ഫോബെ ലിച്ച്ഫീല്‍ഡുമാണ് ഓസ്ട്രേലിയ വിജയിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ അലിസ്സ ഹീലി (21 പന്തില്‍ 26), ബേത്ത് മൂണി (29 പന്തില്‍ 20), തഹ്ലിയ മഗ്രാത്ത് (21 പന്തില്‍ 19), ആഷ്ലി ഗാര്‍ഡ്നര്‍ (പത്ത് പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ടും ശ്രേയങ്ക പാട്ടീല്‍, പൂജ വസ്ത്രകാര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 27 പന്തില്‍ 30 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. റിച്ച ഘോഷ് (19 പന്തില്‍ 23), സ്മൃതി മന്ദാന (26 പന്തില്‍ 23) എന്നിവരാണ് പിന്നീട് കുറച്ചെങ്കിലും ബാറ്റുചെയ്തത്.

india cricket australia