6 എല്ലാ മത്സരവും ജയിച്ചു, എങ്കിലും 3 പ്രശ്നം ബാക്കി

ഏകദിന ലോകകപ്പില്‍ കിരീട പ്രതീക്ഷ സജീവമാക്കി ഇന്ത്യ മുന്നേറുകയാണ്. കളിച്ച ആറ് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. മൂന്ന് മത്സരം ശേഷിക്കെ ഏറെക്കുറെ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്.

author-image
Hiba
New Update
6 എല്ലാ മത്സരവും ജയിച്ചു, എങ്കിലും 3 പ്രശ്നം ബാക്കി

മുംബൈ: ഏകദിന ലോകകപ്പില്‍ കിരീട പ്രതീക്ഷ സജീവമാക്കി ഇന്ത്യ മുന്നേറുകയാണ്. കളിച്ച ആറ് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. മൂന്ന് മത്സരം ശേഷിക്കെ ഏറെക്കുറെ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്.

രോഹിത് ശര്‍മക്ക് കീഴില്‍ ഗംഭീര പ്രകടനം നടത്തുന്ന ഇന്ത്യ ചരിത്രം ആവര്‍ത്തിച്ച് ഇത്തവണ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഫോമിലാണെന്നതാണ് എടുത്തു പറയേണ്ടത്.

ആസ്ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് എന്നീ വമ്പന്മാരെയെല്ലാം തകര്‍ത്ത ഇന്ത്യക്ക് ഇനി ശ്രീലങ്ക, ദക്ഷിണാഫ്രിക്ക മത്സരമാണ് പ്രധാന വെല്ലുവിളിയായുള്ളത്. നെതര്‍ലന്‍ഡ്സ് ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കില്ല. ഇന്ത്യ കപ്പ് ലക്ഷ്യമാക്കി കുതിക്കുമ്പോഴും ചില പ്രശ്നങ്ങള്‍ ഇപ്പോഴും ടീമിനെ വേട്ടയാടുന്നുണ്ട്.

ഒന്നാമത്തെ കാര്യം ആദ്യം ബാറ്റു ചെയ്യുമ്പോഴുള്ള ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയാണ്. റണ്‍സ് പിന്തുടരാന്‍ ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാര്‍ മികവ് കാട്ടുന്നുണ്ട്. എന്നാല്‍ ആദ്യം ബാറ്റുചെയ്യുമ്പോള്‍ ഇതേ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ച കണ്ടതാണ്.

രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി പ്രകടനമില്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഇന്ത്യ നേരിടേണ്ടി വരുമായിരുന്നു. എല്ലാ മത്സരത്തിലും ഈ മികവ് ഇന്ത്യ കാട്ടണമെന്നില്ല.അതുകൊണ്ടുതന്നെ സെമിയോടടുക്കവെ ഇന്ത്യ ശ്രദ്ധിക്കേണ്ടത് ആദ്യം ബാറ്റ് ചെയ്യുമ്പോഴുള്ള ബാറ്റിങ്ങിലാണ്. ഇംഗ്ലണ്ടിനെതിരേ 100 റണ്‍സിന് ജയിച്ച ശേഷം നായകന്‍ രോഹിത് ശര്‍മയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

പവര്‍പ്ലേയ്ക്കുള്ളില്‍ മൂന്ന് വിക്കറ്റ് നഷ്ടമാകുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് രോഹിത് തന്നെ തുറന്ന് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിന് പരിഹാരം കാണേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.രണ്ടാമത്തെ പ്രശ്നം മൂന്ന് താരങ്ങളുടെ മോശം ഫോമാണ്.

അത് മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍ എന്നിവരാണ്. രോഹിത് ശര്‍മ ഓപ്പണിങ്ങില്‍ കസറുന്നതിനാല്‍ പലപ്പോഴും ഗില്ലിന്റെ മോശം പ്രകടനം ആരും അധികം ശ്രദ്ധിക്കുന്നില്ല. നാല് മത്സരത്തില്‍ നിന്ന് 100 റണ്‍സാണ് ഗില്‍ നേടിയത്. ഇതില്‍ ബംഗ്ലാദേശിനെതിരായ അര്‍ധ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. പ്രധാന മത്സരങ്ങളില്‍ അവസരത്തിനൊത്തുയരാന്‍ ഗില്ലിന് സാധിക്കുന്നില്ല.

മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള പേസറാണ്. അവസാന ഏഷ്യാ കപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ സിറാജിന്റെ പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം താരം നടത്തുന്നില്ല.

ജസ്പ്രീത് ബുംറക്കൊപ്പം ന്യൂബോളില്‍ സിറാജിനും ഇന്ത്യ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ മികച്ച പ്രകടനം നടത്താനാവുന്നില്ല. റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തിലും സിറാജ് മടികാട്ടുന്നില്ല.
ശ്രേയസ് അയ്യരിനെ നാലാം നമ്പറിലെ വിശ്വസ്തനായാണ് ഇന്ത്യ കാണുന്നത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം ശ്രേയസും കാഴ്ചവെക്കുന്നില്ല.

ഷോര്‍ട്ട് ബോള്‍ കെണിയില്‍ തുടര്‍ച്ചയായി ശ്രേയസ് വീഴുകയാണ്. ന്യൂസീലന്‍ഡിനെതിരേയും ഇംഗ്ലണ്ടിനെതിരേയും ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് ക്യാച്ച് നല്‍കിയാണ് ശ്രേയസ് പുറത്താകുന്നത്. താരത്തിന്റെ ഈ ദൗര്‍ബല്യം ഇന്ത്യക്ക് വലിയ തലവേദനയാകുന്നു.
മൂന്നാമത്തെ പ്രശ്നം മോശം ഫീല്‍ഡിങ്ങാണ്.

സ്ഥിരതയോടെ മികച്ച ഫീല്‍ഡിങ് പ്രകടനം നടത്താന്‍ ഇന്ത്യക്കാവുന്നില്ല. അത്ഭുതകരമായ ക്യാച്ചുകള്‍ എടുക്കുന്നതോടൊപ്പം അനായാസ ക്യാച്ചുകള്‍ പാഴാക്കാനും ഇന്ത്യ മടികാട്ടുന്നില്ല. ഇനിയങ്ങോട്ടുള്ളത് സൂപ്പര്‍ പോരാട്ടങ്ങളാണ്. അതുകൊണ്ടുതന്നെ ഫീല്‍ഡിങ് പിഴവുകള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. ഇത് മുന്നില്‍ക്കണ്ട് ഇന്ത്യ ഫീല്‍ഡിങ് കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

 
india ICC World Cup 2023