നാഗലക്ഷ്മിയുടെ മകന്‍, പ്രഗ്നാനന്ദ, കൗമാരക്കാരന്‍; വിറപ്പിച്ചത് ലോക ചാമ്പ്യനെ!

By Web Desk.23 08 2023

imran-azhar

 

 


ടിവി കാണല്‍ ശീലം മാറ്റാനാണ് ബാങ്ക് ജീവനക്കാരനായ രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും മകള്‍ വൈശാലിയെ ചെസ് പഠിക്കാന്‍ അയച്ചത്. ചേച്ചിക്കൊപ്പം പോയതാണ് കുഞ്ഞു പ്രഗ്നാനന്ദ. സംഗതി എന്തായാലും അവന് നന്നായി ഇഷ്ടപ്പെട്ടു. ചേച്ചിക്കൊപ്പം അവനും ചെസ് ബോര്‍ഡിലെ കറുപ്പും വെളുപ്പും നോക്കിയിരിക്കാന്‍ തുടങ്ങി. ക്രമേണ അവനും ചെസ് കളിക്കാന്‍ തുടങ്ങി.

 

ചെസ് കളിയിലെ അസാധാരണമായ താല്‍പ്പര്യം മനസ്സിലാക്കിയാണ് പ്രഗ്നാനന്ദനെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ തുടങ്ങിയത്. പിന്നെ സംഭവിച്ചത് ചരിത്രം. ഇപ്പോള്‍ ലോകത്തിലെ വമ്പന്മാരെ നേരിട്ട് ചെസില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നു, വെറും പതിനെട്ടു വയസ്സുകാരനായ പ്രഗ്ഗ.

 

 

 

ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ചതോടെയാണ് പ്രഗ്നാനന്ദയെ ലോകം അറിഞ്ഞത്. പതിനാറുകാരനായ ലോക ചാമ്പനെ പരാജയപ്പെടുത്തിയത് ചരിത്രമായി.

 

എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപിഡ് ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പതിനാറുകാരന്‍ ഞെട്ടിച്ചത്. 31 കാരനായ കാള്‍സനെ അടിയറവ് പറയിപ്പിക്കുകയായിരുന്നു.

 

 

മാഗ്നസ് കാള്‍സന്‍ എന്ന ചെസിലെ രാജാവിനെയാണ് പ്രഗ്ഗ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ വിജയങ്ങള്‍ മടുപ്പിക്കുന്നു. എനിക്ക് എതിരാളിയില്ല, അതിനാല്‍ ഇനി മുതല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ലെന്നു പ്രഖ്യാപിച്ച കാള്‍സനെയാണ് കൗമാരക്കാരന്‍ തോല്‍പ്പിച്ചത്.

 

തമിഴ്‌നാട്ടിലെ പാഡിയില്‍ ഒരു സാധാരണ കുടുംബത്തിലാണ് പ്രഗ്നാനന്ദയുടെ ജനനം. പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബു ബാങ്ക് ജീവനക്കാരനാണ്. മാതാവ് നാഗലക്ഷ്മി വീട്ടമ്മയാണ്. പ്രഗ്നാനന്ദയുടെ പ്രചോദനവും ശക്തിയും അമ്മയാണ്.

 

 

പ്രഗ്നാനന്ദയെ പോലെ അമ്മയും കയ്യടി അര്‍ഹിക്കുന്നു എന്നാണ് മുന്‍ ലോക ചാമ്പ്യന്‍ റഷ്യയുടെ കാസ്‌പോവ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്. മത്സരങ്ങളില്‍ അമ്മയുണ്ടെങ്കില്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ പ്രത്യേക പിന്തുണ എന്നും ഉണ്ടാവട്ടെ എന്നാണ് കാസ്‌പോവ് കുറിച്ചത്.

 

ചെറുപ്രായത്തില്‍ തന്നെ പ്രഗ്നാനന്ദ പരിശീലകരെപ്പോലും അമ്പരപ്പിച്ചിരുന്നു. വിശ്വനാഥന്‍ ആനന്ദിന്റെ അക്കാഡമിയിലൂടെയാണ് പ്രഗ്‌നാനന്ദ ചെസ് ലോകത്തേക്ക് എത്തിയത്.

 

 

2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് വയസിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചു കൊണ്ടായിരുന്നു പ്രഗ്നാനന്ദയുടെ തുടക്കം. സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്.

 

 

 

 

 

OTHER SECTIONS