/kalakaumudi/media/post_banners/78688fc1e4190f6a62e673330f4ed4fea7fdcc0055a4190cd03f1e9ddb24ebcc.jpg)
ന്യൂയോര്‍ക്ക്: തുടര്‍ച്ചയായി തോല്‍വികള്‍ വഴങ്ങേണ്ടി വന്ന ഇന്റര്‍ മയാമിയെ അത്യുഗ്രന്‍ ഫ്രീ കിക്കിലൂടെ വിജയപാതയില്‍ തിരിച്ചെത്തിച്ച് ലയണല്‍ മെസി. 94-ാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്.
ക്രൂസ് അസൂലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമില്‍ ബോക്‌സിന് പുറത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ഇന്റര്‍ മയാമിയുടെ വിജയഗോളില്‍ കലാശിച്ചത്.
മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാതെയാണ് ഇന്റര്‍ മയാമി ഗ്രൗണ്ടിലിറങ്ങിയത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്ലറിലൂടെ ഇന്റര്‍ മയാമി മുന്നിലെത്തി.
ടെന്നീസ് ഇതിഹാസം സെറീന വില്യംസ് അടക്കമുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു. രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ കുപ്പായമണിഞ്ഞ് മെസി ഇറങ്ങിയത്.
മെസി കളിക്കാനിറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ക്രൂസ് അസൂല്‍ യൂറിയല്‍ അന്റൂനയിലൂടെ സമനിലയിലെത്തി. 94-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുവെച്ച് ക്രൂസ് അസൂല്‍ മിഡ്ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് മെസിയെ ഫൗള്‍ ചെയ്യുന്നത്.
ഫൗളിന് റഫറി ഇന്റര്‍ മിയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് അനുവദിച്ചു. കിക്ക് എടുക്കാനെത്തിയ മെസി ലക്ഷ്യം തെറ്റാതെ ശക്തമായൊരു ഇടങ്കാലനടിയിലൂടെ ഗോളിയുടെ നീട്ടിപ്പിടിച്ച നീണ്ട ഡൈവിനെയും മറികടന്ന് പന്ത് വലയിലാക്കി മേജര്‍ സോക്കര്‍ ലീഗിലെ അരങ്ങേറ്റം അതിഗംഭീരമാക്കി.
ജയിച്ചെങ്കിലും പോയന്റ് പട്ടികയില്‍ ഇന്റര്‍ മിയാമി ഇപ്പോഴും അവസാന സ്ഥാനത്തു തന്നെയാണ്. 22 കളികളില്‍ മിയാമിയുടെ അഞ്ചാം ജയമാണിത്.