/kalakaumudi/media/post_banners/15b32cd5da0cffeda643ba3fe245408415b738209cb8cfd64291ea0d9fe1e3a9.jpg)
ഫിലാഡല്‍ഫിയ: ഇന്റര്‍ കോണ്ടിനെന്റല്‍ ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമി ഫൈനലില്‍. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ മയാമിയുടെ ഫൈനല്‍ പ്രവേശനം.
ഇന്റര്‍ മയാമിക്കായി തുടര്‍ച്ചയായ ആറാം മത്സരത്തിലും മെസി ഗോള്‍ നേടി.
മെസി എത്തിയതിന് ശേഷം തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും മയാമി കാത്തുസൂക്ഷിച്ചു.
ഇന്ന് ഫിലാഡല്‍ഫിയക്കെതിരെ നേടിയത് മയാമി ജര്‍സിയില്‍ മെസിയുടെ ഒമ്പതാം ഗോളാണ്. ഇതോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പട്ടവും മെസി ഉറപ്പിച്ചു.
ക്ലബ് ചരിത്രത്തിലെ തന്നെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇന്റര്‍ മയാമിക്കായി ജോസഫ് മാര്‍ട്ടിനെസ് മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി.20ാം മിനിറ്റില്‍ മെസിയുടെ ഗോള്‍ പിറന്നു.
മൂന്ന് ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി 35വാര അകലെ നിന്ന് നേരെ പോസ്റ്റിലേക്ക് പന്ത് പായിച്ചു. ഇടത് ഭാഗത്തേക്ക് മുഴുനീള ഡൈവ് ചെയ്തിട്ടും ഫിലാഡല്‍ഫിയ ഗോള്‍ കീപ്പര്‍ക്ക് അത് തടുക്കാനായില്ല.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജോര്‍ഡി ആല്‍ബ മയാമിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. രണ്ടാം പകുതിയില്‍ ഫിലാഡല്‍ഫിയയ്ക്ക് വേണ്ടി അലജാന്ദ്രോ ബെഡോയ 73-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.
84-ാം മിനിറ്റില്‍ ഡേവിഡ് റൂയിസ് മയാമിയുടെ ഗോള്‍ പട്ടിക തികച്ച് നാലാം ഗോളും നേടി. സീസണില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഫിലാഡല്‍ഫിയ.
ലീഗ്‌സ് കപ്പില്‍ ഫൈനലിലെത്തിയതോടെ അടുത്തവര്‍ഷം നടക്കുന്ന കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിനും ഇന്റര്‍ മയാമി യോഗ്യത നേടി. ഇതാദ്യമായാണ് കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് മയാമി യോഗ്യത നേടുന്നത്.