/kalakaumudi/media/post_banners/b35d3e176448ea736c9661b30fc9ca00a8f96bfd802aa2b15d941363a017396d.jpg)
ഫ്‌ലോറിഡ: അമേരിക്കയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ മയാമിക്കും ലയണല്‍ മെസ്സിക്കും വിജയ തുടക്കം. വ്യാഴാഴ്ച പുലര്‍ച്ച നടന്ന മത്സരത്തില്‍ റിയല്‍ സാള്‍ട്ട് ലേക്കിനെ നേരിട്ട ഇന്റര്‍ മയാമി മറുപടിയില്ലാത്ത 2 ഗോളിനാണ് വിജയിച്ചത്. മെസ്സിയും സുവാരസും ഒരുമിച്ച് സ്റ്റാര്‍ട്ട് ചെയ്ത മത്സരത്തില്‍ റോബേര്‍ട്ട് ടെയ്‌ലറാണ് ഇന്റര്‍ മയാമിക്ക് ലീഡ് നല്‍കിയത്.
39-ാം മിനിറ്റിലാണ് ഇന്റര്‍ മയാമിക്കായി ടെയ്‌ലര്‍ ഗോള്‍ നേടിയത്. ലയണല്‍ മെസ്സിയുടെ ത്രൂ പാസ് സ്വീകരിച്ച് ടെയ്‌ലര്‍ തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ക്ക് അനായാസം സേവ് ചെയ്യാമായിരുന്നു എങ്കിലും കീപ്പറുടെ അബദ്ധം ഇന്റര്‍ മയാമിക്ക് ഗുണമായി മാറി.
രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ഇന്റര്‍ മയാമി ശ്രമിച്ചു. 83-ാം മിനുട്ടിലാണ് രണ്ടാം ഗോള്‍ വന്നു. മെസ്സിയും സുവാരസും കൂടെ നടത്തിയ ഒരു നീക്കം അവസാനം ഗോമസ് ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ ഇന്റര്‍ മയാമി വിജയം ഉറപ്പിച്ചു. ഇനി ഫെബ്രുവരി 26ന് ഇന്റര്‍ മയാമി എല്‍ എ ഗാലക്‌സിയെ നേരിടും.