/kalakaumudi/media/post_banners/384c181e99c86be3f1793342ac7e7cdd897784a069f4e236e5e119d9e97759b8.jpg)
ഫ്ലോറിഡ: ഇന്റർമയാമിയുടെ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിലെ അവസാന പോരാട്ടം വ്യാഴാഴ്ച ഫ്ലോറിഡയിൽ നടക്കും.അർജന്റീനൻ ക്ലബായ ന്യൂവൽസാണ് മയാമിയുടെ എതിരാളികൾ. പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ കുറച്ച് മോശമായിരുന്നെങ്കിലും ന്യൂവൽസുമായുള്ള മത്സരം മയാമിക്ക് കുറച്ച് സ്പെഷ്യലാണെന്ന് പറയാതെ വയ്യ.
കാരണം മറ്റൊന്നുമല്ല. സാക്ഷാൽ മെസ്സിയുടെ കൗമാര കാലത്തെ ക്ലബുകളിലൊന്നാണ് ന്യൂവൽസ്.അതായത് തന്റെ പഴയ ക്ലബിനെയാണ് മെസ്സി നേരിടേണ്ടത്. ഇതുതന്നെയാണ് മത്സരത്തെ സ്പെഷ്യൽ ആക്കുന്നത്.അതുകൊണ്ടുതന്നെ മത്സരത്തെ വളരെ വ്യത്യസ്തമായ രീതിയിലാണ് ഇന്റർ മയാമിയും സ്വാഗതം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ് മത്സരം.
മയാമി ജഴ്സിയിൽ സാക്ഷാൽ മെസ്സി ന്യൂവൽസ് ജഴ്സിയണിഞ്ഞ കുഞ്ഞു മെസ്സിയുടെ കൈപിടിച്ച് നടക്കുന്ന ചിത്രമാണ് മയാമി പങ്കുവച്ചിരിക്കുന്നത്. 1995 മുതൽ 2000 വരെ ന്യൂവൽസ് ഓൾഡ് ബോയ്സിലാണ് മെസ്സി പന്തു തട്ടിയിരുന്നത്.
തുടർന്നാണ് ബാഴ്സലോണയുടെ യൂത്ത് ടീമിലും സീനിയർ ടീമിലും താരമായിമാറിയത്.അതേസമയം, പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രമാണ് ഇന്റർമയാമി നേടിയത്. ഒരു സമനിലയും അഞ്ചു തോൽവിയുമാണ് മയാമി ഏറ്റുവാങ്ങിയത്.