/kalakaumudi/media/post_banners/eb3a1f9a6a8869e0aaa6e7d0310bdf51cb1a9836cf9838fcb5a6e2e2400af1f9.jpg)
ചെന്നൈ: ഐപിഎല്‍ ക്വാളിഫയര്‍ ഒന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ച് ഫൈനലില്‍ എത്തി. ചെപ്പോക്കിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്ണിന് മലര്‍ത്തിയടിച്ചാണ് സിഎസ്‌കെ ഫൈനലില്‍ പ്രവേശിച്ചത്.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി. വാലറ്റത്ത് റാഷിദ് ഖാന്‍ തകര്‍ത്തടിച്ചെങ്കിലും അവസാന രണ്ട് ഓവറിലെ 34 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സിന് നേടാനാവുന്നതായിരുന്നില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കുകയായിരുന്നു. ചെന്നൈക്കായി ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദ് 60 ഉം ദേവോണ്‍ കോണ്‍വേ 40 റണ്‍സ് നേടിയപ്പോള്‍ നായകന്‍ എം എസ് ധോണി 2 പന്തില്‍ 1 റണ്ണെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ (16 പന്തില്‍ 22) ഇന്നിംഗ്സിലെ അവസാന ബോളില്‍ മടങ്ങിയപ്പോള്‍ മൊയീന്‍ അലി(4 പന്തില്‍ 9*) പുറത്താവാതെ നിന്നു.
അജിങ്ക്യ രഹാനെ(10 പന്തില്‍ 17), അമ്പാട്ടി റായുഡു(9 പന്തില്‍ 17), ശിവം ദുബെ(3 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോറുകള്‍. മുഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും രണ്ട് വീതവും ദര്‍ശന്‍ നാല്‍കാണ്ഡെയും റാഷിദ് ഖാനും നൂര്‍ അഹമ്മദും ഓരോ വിക്കറ്റും നേടി.