കൊല്‍ക്കത്തയെ തകര്‍ത്ത് ഗുജറാത്ത്; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്.

author-image
Web Desk
New Update
കൊല്‍ക്കത്തയെ തകര്‍ത്ത് ഗുജറാത്ത്; പോയിന്റ് പട്ടികയില്‍ ഒന്നാമത്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഈ വിജയത്തോടെ ഗുജറാത്ത് വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ഏഴു വിക്കറ്റിനാണു ഗുജറാത്തിന്റെ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കെ ഗുജറാത്ത് മറികടന്നു.

സ്‌കോര്‍: കൊല്‍ക്കത്ത ഏഴിന് 179 (20), ഗുജറാത്ത് മൂന്നിന് 180 (17.5). ആറാം വിജയത്തോടെ ഗുജറാത്തിന് 12 പോയിന്റായി.

അര്‍ധ സെഞ്ചറി നേടിയ വിജയ് ശങ്കര്‍ (24 പന്തില്‍ 51), ഡേവിഡ് മില്ലര്‍ (18 പന്തില്‍ 32) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഗില്‍ 35 പന്തില്‍ 49 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. നാല് ഓവറില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. ശുഭ്മന്‍ ഗില്‍ തകര്‍ത്തടിച്ചപ്പോള്‍ വൃദ്ധിമാന്‍ സാഹ 10 പന്തില്‍ 10 റണ്‍സ് മാത്രമെ നേടിയുള്ളൂ. ആന്ദ്രെ റസ്സലിന്റെ പന്തില്‍ ഹര്‍ഷിത് റാണ ക്യാച്ചെടുത്താണ് ്‌സാഹയെ പുറത്താക്കിയത്.

വണ്‍ഡൗണായി ഇറങ്ങിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 20 പന്തില്‍ 26 റണ്‍സെടുത്തു പുറത്തായി. അര്‍ധസെഞ്ചറിക്ക് ഒരു റണ്‍സ് വേണ്ടപ്പോള്‍ ശുഭ്മന്‍ ഗില്‍ മടങ്ങി. സുനില്‍ നരെയ്‌ന്റെ പന്തില്‍ ആന്ദ്രെ റസ്സലിന്റെ ക്യാച്ചിലാണു ഗില്ലിന്റെ പുറത്താകല്‍. മധ്യനിരയില്‍ വിജയ് ശങ്കറും ഡേവിഡ് മില്ലറും തകര്‍ത്തടിച്ചതോടെ 17.5 ഓവറില്‍ ഗുജറാത്ത് വിജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 39 പന്തുകളില്‍നിന്ന് 81 റണ്‍സെടുത്താണ് അഫ്ഗാന്‍ താരം റഹ്‌മാനുല്ല ഗുര്‍ബാസ് പുറത്തായത്. മികച്ച ഫോമിലുള്ള ജേസണ്‍ റോയ്ക്കു പരുക്കേറ്റതോടെയാണ് പകരക്കാരനായി റഹ്‌മാനുല്ല ടീമിലെത്തിയത്. ഓപ്പണറായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ യുവതാരം ഏഴ് സിക്‌സുകളും അഞ്ച് ഫോറുകളുമാണ് അടിച്ചുപറത്തിയത്.

എന്‍. ജഗദീശന്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി പുറത്തായി. വണ്‍ഡൗണായി ഇറങ്ങിയ ഷാര്‍ദൂല്‍ ഠാക്കൂര്‍ പൂജ്യത്തിന് പുറത്തായി.

27 പന്തുകളില്‍നിന്ന് റഹ്‌മാനുല്ല ഗുര്‍ബാസ് 50 തികച്ചു. വെങ്കടേഷ് അയ്യരെയും (14 പന്തില്‍ 11), ക്യാപ്റ്റന്‍ നിതീഷ് റാണയെയും (മൂന്ന് പന്തില്‍ നാല്) പുറത്താക്കി ജോഷ് ലിറ്റില്‍ കളി ഗുജറാത്തിന് അനുകൂലമാക്കി.

അഫ്ഗാന്‍ താരമായ റഹ്‌മാനുള്ള ഗുര്‍ബാസ് മടങ്ങിയത് ഗുജറാത്തിന്റെ അഫ്ഗാന്‍ താരം നൂര്‍ അഹമ്മദിന്റെ പന്തില്‍ മറ്റൊരു അഫ്ഗാന്‍ കളിക്കാരനായ റാഷിദ് ഖാന്‍ ക്യാച്ചെടുത്താണ്. അവസാന ഓവറുകളില്‍ റിങ്കു സിങ്ങും (20 പന്തില്‍ 19), ആന്ദ്രെ റസ്സലും (19 പന്തില്‍ 34) പൊരുതി. എങ്കിലും ും കൊല്‍ക്കത്തയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സിന് അവസാനിച്ചു.

ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ലിറ്റില്‍, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റു വീതവും നേടി.

cricket IPL 2023