/kalakaumudi/media/post_banners/c3956314c295794ba06f918664a7c2065921740878f1453eda05e17a91b6c9f8.jpg)
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ച്വറിയുമായി കോലി. സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തുന്ന പ്രകടനമാണ് കോലി പുറത്തെടുത്തത്.
63 പന്തില്‍ 158.73 സ്‌ട്രൈക്ക് റേറ്റില്‍ 100 റണ്‍സടിച്ച കോലി ബാംഗ്ലൂരിന് സമ്മാനിച്ചത് വിജയവും പ്ലേ ഓഫ് പ്രതീക്ഷയും കൂടിയാണ്.
ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്കൊപ്പം 172 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി പുറത്തായത്. 12 ഫോറും നാലു സിക്‌സും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.
പതിവില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തിലെ തകര്‍ത്തടിച്ചാണ് കോലി ഹൈദരാബാദിനെതിരെ തുടങ്ങിയത്. ഹൈദരാബാദിന്റെ ഏറ്റവും മികച്ച ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ കടന്നാക്രമിച്ചായിരുന്നു കോലി തുടങ്ങിയത്.
ആദ്യ ഓവറിലെ ഭുവിയുടെ ആദ്യ രണ്ട് പന്തുകള്‍ തന്നെ ബൗണ്ടറി കടത്തിയായിരുന്നു കോലി ഇന്നലെ വെടിക്കെട്ട് തുടങ്ങിയത്. പിന്നീട് 15ാം ഓവറില്‍ തന്റെ രണ്ടാം സ്‌പെല്ലിനെത്തിയപ്പോഴും ഭുവിയെ കോലി വെറുതെ വിട്ടില്ല. നാല് ബൗണ്ടറികളാണ് കോലി ആ ഓവറില്‍ നേടിയത്.