അടിച്ചുപറത്തി, പിന്നെ എറിഞ്ഞിട്ടു; കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂരിന് ദയനീയ തോല്‍വി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 21 റണ്‍സിന്റെ തോല്‍വി.

author-image
Web Desk
New Update
അടിച്ചുപറത്തി, പിന്നെ എറിഞ്ഞിട്ടു; കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂരിന് ദയനീയ തോല്‍വി

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 21 റണ്‍സിന്റെ തോല്‍വി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 201 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിരാട് കോലി അര്‍ദ്ധ സെഞ്ച്വറി നേടി.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്നും ആന്ദ്രേ റസലും സുയാഷ് ശര്‍മ്മയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി. സ്‌കോര്‍: കൊല്‍ക്കത്ത-200/5 (20), ബാംഗ്ലൂര്‍-179/8 (20).

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ജേസന്‍ റോയിയും എന്‍ ജഗദീശനും നല്‍കിയ മികച്ച തുടക്കമിട്ടതിന്റെ കരുത്തില്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആര്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. റോയിക്ക് പിന്നാലെ നായകന്‍ നിതീഷ് റാണയും അവസാന ഓവറുകളില്‍ റിങ്കു സിംഗും ഡേവിഡ് വീസും മികച്ച പ്രകടനമാണ് നടത്തിയത്.

ആര്‍സിബിയുടെ പ്രധാന പേസര്‍ മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറില്‍ എട്ട് റണ്‍സുമായാണ് ജേസന്‍ റോയിയും എന്‍ ജഗദീശനും ഇന്നിംഗ്സ് തുടങ്ങിയത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഓള്‍റൗണ്ടര്‍ ഷഹ്ബാദ് അഹമ്മദിനെ നാല് സിക്സിന് പറത്തി ടീമിനെ 66ല്‍ ഇരുവരും എത്തിച്ചു. ഇതില്‍ 48 റണ്‍സും റോയിയുടെ ബാറ്റില്‍ നിന്നായിരുന്നു.

പിന്നാലെ 22 പന്തില്‍ റോയി തന്റെ ഫിഫ്റ്റി തികച്ചു. 10-ാം ഓവറില്‍ 29 പന്തില്‍ 27 നേടിയ എന്‍ ജഗദീശനെ വിജയകുമാര്‍ വൈശാഖ് മടക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജേസന്‍ റോയിയും(29 പന്തില്‍ 56) വൈശാഖിന്റെ ബൗളിംഗില്‍ കുറ്റി തെറിച്ച് മടങ്ങി.

15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വെങ്കടേഷ് അയ്യര്‍ക്കൊപ്പം ക്യാപ്റ്റന്‍ നിതീഷ് റാണ ക്രീസില്‍ നില്‍ക്കേ 131-2 എന്ന സ്‌കോറിലായിരുന്നു കെകെആര്‍. ഇതിന് ശേഷം ഇരുവരും തകര്‍ത്തടിച്ചെങ്കിലും ഹസരങ്കയുടെ 18-ാം ഓവറിലെ രണ്ടാം പന്തില്‍ നിതീഷ് റാണയും(21 പന്തില്‍ 48), നാലാം പന്തില്‍ വെങ്കടേഷ് അയ്യരും(26 പന്തില്‍ 31) മടങ്ങി.

മുഹമ്മദ് സിറാജിന്റെ 19-ാം ഓവറില്‍ റിങ്കു സിംഗ് 15 റണ്ണടിച്ചെങ്കിലും അവസാന ബോളില്‍ ആന്ദ്രേ റസല്‍(2 പന്തില്‍ 1) യോര്‍ക്കറില്‍ വീണു. ഹര്‍ഷല്‍ പട്ടേലിന്റെ അവസാന ഓവറില്‍ ഡേവിഡ് വീസും റിങ്കു സിംഗും ചേര്‍ന്ന് 15 റണ്‍സ് നേടി. റിങ്കു 10 പന്തില്‍ 18* ഉം, വീസ് 3 പന്തില്‍ 12* ഉം റണ്ണുമായി പുറത്താവാതെ നിന്നു.

cricket IPL 2023