മാനംകാത്തത് റസല്‍, രണ്ടക്കം കടന്നത് മൂന്നു താരങ്ങള്‍ കൂടി!

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കെകെആര്‍ 20 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായി.

author-image
Web Desk
New Update
മാനംകാത്തത് റസല്‍, രണ്ടക്കം കടന്നത് മൂന്നു താരങ്ങള്‍ കൂടി!

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കെകെആര്‍ 20 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായി. 43 റണ്‍സെടുത്ത ഓപ്പണര്‍ ജേസന്‍ റോയിയാണ് ടോപ് സ്‌കോറര്‍. മറ്റ് മൂന്ന് താരങ്ങള്‍ കൂടിയേ രണ്ടക്കം കണ്ടുള്ളൂ.

അവസാന ഓവറില്‍ ഹാട്രിക് സിക്സ് സഹിതം 31 പന്തില്‍ പുറത്താവാതെ 38 റണ്ണെടുത്ത ആന്ദ്രേ റസലാണ് ബാറ്റിംഗ് തകര്‍ച്ചയിലും മാനം കാത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ(4 പന്തില്‍ 4) രണ്ടാം ഓവറിലെ അവസാന പന്തില്‍ മുകേഷ് കുമാര്‍, ലളിത് യാദവിന്റെ കൈകളില്‍ എത്തിച്ചു. ഒരോവറിന്റെ ഇടവേളയില്‍ വെങ്കടേഷ് അയ്യര്‍ രണ്ട് പന്തില്‍ പൂജ്യം റണ്‍സുമായി ആന്റിച്ച് നോര്‍ക്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ കളിക്കാനിറങ്ങിയ ഇഷാന്ത് ശര്‍മ്മ ക്യാപ്റ്റന്‍ നിതീഷ് റാണയെ(7 പന്തില്‍ 4) മുകേഷ് കുമാറിന്റെ കൈകളിലെത്തിച്ചതോടെ കൊല്‍ക്കത്ത 5.2 ഓവറില്‍ 32-3 എന്ന നിലയില്‍ പ്രതിരോധത്തിലായി.

മന്ദീപ് സിംഗിനെ (11 പന്തില്‍ 12) അക്സര്‍ പട്ടേല്‍ ബൗള്‍ഡാക്കുകയും റിങ്കു സിംഗിനെ (8 പന്തില്‍ 6) അക്സര്‍, ലളിത് യാദവിന്റെ കൈകളില്‍ എത്തിക്കുകയും ചെയ്തു. പിന്നാലെ സുനില്‍ നരെയ്ന്‍ 6 പന്തില്‍ 4 റണ്‍സുമായി ഇഷാന്തിന് കീഴടങ്ങി.

ഓപ്പണര്‍ ജേസന്‍ റോയി (39 പന്തില്‍ 43) കുല്‍ദീപ് യാദവിന്റെ പന്തില്‍ പുറത്തായതോടെ കെകെആര്‍ പാടുപെട്ടു. തൊട്ടടുത്ത ബോളില്‍ അനുകുല്‍ റോയി ഗോള്‍ഡന്‍ ഡക്കായി.

16-ാം ഓവറില്‍ ഉമേഷ് യാദവിനെ(5 പന്തില്‍ 3) നോര്‍ക്യ മടക്കി. മുകേഷ് കുമാറിന്റെ 20-ാം ഓവറില്‍ ആന്ദ്രേ റസല്‍ ഹാട്രിക് സിക്സ് നേടിയെങ്കിലും അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി (6 പന്തില്‍ 1) റണ്ണൗട്ടായി.

cricket IPL 2023